തിരുവനന്തപുരം: പെൺകുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തില്‍ പ്രതി സുരേഷ് കുമാറിനെതിരെ റെയില്‍വേ പൊലീസ് വധശ്രമത്തിന് കേസെടുത്തു. റെയില്‍വേ ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തും. പ്രതിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. വാതിലിനടുത്ത് നിന്ന് മാറാത്തതാണ് പ്രകോപന കാരണമെന്നും മാറാന്‍ ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി മാറിയില്ലെന്നും പെണ്‍കുട്ടിയെ ദേഷ്യത്തില്‍ ചവിട്ടിയതാണെന്നുമാണ് പ്രതിയുടെ മൊഴി. മദ്യലഹരിയിലാണ് ചവിട്ടിയതെന്നും പെണ്‍കുട്ടികളെ മുന്‍പരിചയമില്ലെന്നും ഇയാൾ പൊലീസിന് മൊഴി നൽകി.
കേസിൽ പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം കൂടി പരിശോധിക്കുന്ന പൊലീസ് പ്രതിയുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമവും ഊര്‍ജിതമാക്കി. തിരിച്ചറിയല്‍ പരേഡും വൈദ്യപരിശോധനയും ഉടന്‍ നടക്കും. സംഭവത്തിന് ശേഷം പിടികൂടിയ ശേഷവും ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസും സ്ഥിരീകരിച്ചു. കൊച്ചുവേളി സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഇന്നലെ രാത്രി 8.40ന് വര്‍ക്കല സ്റ്റേഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം മാറി അയന്തി മേല്‍പ്പാലത്തിനടുത്തുവെച്ച് കേരള എക്സ്പ്രസിലെ ജനറല്‍ കോച്ചിലായിരുന്നു സംഭവം ഉണ്ടായത്. രണ്ട് പെണ്‍കുട്ടികള്‍ ശുചിമുറിയില്‍ പോയിവരുമ്പോള്‍ വാതിലിനടുത്തുണ്ടായിരുന്ന പ്രതി ശ്രീക്കുട്ടിയെ ചവിട്ടിപുറത്തേക്ക് ഇടുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെയാണ് പ്രതി ചവിട്ടി തളളിയിട്ടതെന്ന് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി അര്‍ച്ചന ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തടയാന്‍ ശ്രമിച്ച തന്നെയും കൈയ്യും കാലും പിടിച്ച് പുറത്തിടാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുനിന്നതുകൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും അര്‍ച്ചന പറയുന്നു.
അതിക്രമത്തിന് ഇരയായ തിരുവനന്തപുരം സ്വദേശി ശ്രീക്കുട്ടി ഐസിയുവില്‍ തുടരുകയാണ്. ആന്തരിക രക്തസ്രാവമുള്ളതിനാല്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നു. എതിരെ വന്ന മെമു ട്രെയിനില്‍ വര്‍ക്കല സ്റ്റേഷനില്‍ എത്തിക്കുകയും അവിടെ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ രാത്രി വൈകി ഐസിയുവിലേക്ക് മാറ്റി. യുവതികള്‍ ആലുവയില്‍ നിന്നും പ്രതി കോട്ടയത്ത് നിന്നുമാണ് കയറിയത്. ഇവര്‍ തമ്മില്‍ മുന്‍പരിചയമില്ല.
Girl pushed off train incident: Attempted murder case filed against accused Suresh Kumar










