പനാജി: 25 പേരുടെ മരണത്തിനിടയാക്കിയ ഗോവയില്‍ നിശാക്ലബിലെ തീപിടിത്തത്തില്‍ കടുത്ത നടപടികളുമായി സംസ്ഥാന സർക്കാർ. നിശാക്ലബ് ഉടമകളായ ലുത്ര സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ക്ലബ് കൂടി പൊളിച്ചുകളയാൻ ഗോവ സർക്കാർ തീരുമാനിച്ചു. മറ്റൊരു ക്ലബ്ബായ റോമിയോ ലെയിൻ വഗേറ്റർ പൊളിച്ചുമാറ്റാൻ ഇതിനകം തന്നെ പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകി.
നിശാക്ലബ് ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവർക്കായി ബ്ലൂ കോർണർ നോട്ടീസും സർക്കാർ ഇറക്കിയിട്ടുണ്ട്. തീപിടിത്തം ഉണ്ടായതിന് പിന്നാലെ ഇരുവരും രാജ്യം വിട്ടിരുന്നു. നിലവിൽ ഇവർ തായ്‌ലൻഡിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. തീരദേശ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ്, ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ഓഫിസ് എന്നീ വകുപ്പുകൾ നൽകിയ അന്ത്യശാസനങ്ങളെയെല്ലാം വകവെയ്ക്കാതെയാണ് ഇരുവരും ക്ലബ് നടത്തിയിരുന്നത്.
അപകടത്തെക്കുറിച്ച് നിരന്തരം മുന്നറിയിപ്പ് നൽകിയിരുന്ന ചില ആക്ടിവിസ്റ്റുകളെ ഇരുവരും ചേർന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. രവി ഹർമൽക്കർ എന്ന ആക്ടിവിസ്റ്റ് ഇരുവർക്കുമെതിരെ ഒരിക്കൽ കോടതിയെ സമീപിക്കുകയും തുടർന്ന് ക്ലബ് പൊളിക്കാൻ ഉത്തരവ് വന്നെങ്കിലും താത്കാലിക രൂപത്തിൽ ക്ലബ് പ്രവർത്തനം തുടരുകയായിരുന്നു.
ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു നിശാക്ലബിൽ തീപിടുത്തമുണ്ടായത്. 25 പേരാണ് മരിച്ചത്. അനുവാദമില്ലാതെ പണിതതിനെ തുടര്‍ന്ന് ക്ലബ് പൊളിക്കണമെന്ന് കാണിച്ച് പഞ്ചായത്തില്‍ നിന്നും നോട്ടീസ് നല്‍കിയെങ്കിലും പിന്നീട് പഞ്ചായത്ത് അധികൃതര്‍ തന്നെ ഉത്തരവ് സ്‌റ്റേ ചെയ്തെന്നും പൊലീസ് വ്യക്തമാക്കി.
Goa nightclub fire; Blue Corner Notice issued against Luthra brothers












