
ന്യൂഡൽഹി: ജീവനക്കാരും വിനോദ സഞ്ചാരികളുമടക്കം 25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്ലബ്ബിലെ തീപിടുത്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അപകടത്തിന്‍റെ കാരണം കണ്ടെത്താനും, കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താനുമാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. തീപിടിത്തത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും കുടുംബങ്ങൾക്ക് പ്രധാനമത്രി നരേന്ദ്രമോദി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 50,000 രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടത്തിൽ 25 പേർ മരിച്ചെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് സ്ഥിരീകരിച്ചിട്ടുണ്ട്. നോർത്ത് ഗോവയിലെ അർപോറയിലെ ബിർച്ച് ബൈ റോമിയോ ലേൻ നിശാക്ലബ്ബിൽ ശനിയാഴ്ച അർധരാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. മരിച്ചവരിൽ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ് എന്നാണ് പുറത്ത് വരുന്ന വിവരം. മൃതദേഹങ്ങളിൽ ഏറിയ പങ്കും കണ്ടെത്തിയതും അടുക്കളുടെ പരിസരത്ത് ആയതിനാലാണ് ഇവർ എല്ലാം തന്നെ ജീവനക്കാർ ആണെന്ന് പൊലീസ് വിലയിരുത്തുന്നത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. താഴത്തെ നിലയിലെ അടുക്കളയിലും പരിസരത്തുമാണ് തീ പടർന്നത്.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഡിജിപിയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ ലോബോയും അപകടസ്ഥലം സന്ദർശിച്ചിരുന്നു. സംഭവത്തില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി അനുശോചനം അറിയിച്ചു. സുരക്ഷയുടെയും ഭരണനിർവഹണത്തിന്റെയും പരാജയമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.
Goa nightclub fire; Death toll rises to 25, judicial inquiry announced.









