
ന്യൂഡൽഹി : ഗോവയിലെ നിശാക്ലബ്ബിൽ ഉണ്ടായ തീപിടുത്തത്തിൽ 25 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യംവിട്ട ലൂത്ര സഹോദരന്മാർ തായ്ലൻഡിൽ പിടിയിലായതായി റിപ്പോർട്ട്. ദാരുണമായ സംഭവമുണ്ടായ ഗോവാസ് ബിർച്ച് ബൈ റോമിയോ ലെയ്ൻ നൈറ്റ്ക്ലബിന്റെ പ്രധാന ഉടമകളാണ് പിടിയിലായ സൗരഭ് ലുത്രയും ഗൗരവ് ലുത്രയും.
22 നഗരങ്ങളിലും നാല് രാജ്യങ്ങളിലും ഔട്ട്‌ലെറ്റുകളുള്ള റോമിയോ ലെയ്ൻ ശൃംഖലയുടെ ഉടമകളായ ഇരുവരെയും പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരാണ് പിടികൂടിയിരിക്കുന്നത്. പൊലീസ് പിടിയിലായ ഇരുവരുടേയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇവരെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ഒരു സംഘം തായ്‌ലൻഡിലെത്തി 24 മണിക്കൂറിനുള്ളിൽ ഇവരെ തിരികെ എത്തിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
വടക്കൻ ഗോവയിലെ അർപോറ ഗ്രാമത്തിലുള്ള തങ്ങളുടെ നിശാക്ലബ്ബായ ‘ബിർച്ച് ബൈ റോമിയോ ലെയ്ൻ’ കത്തിനശിച്ചതറിഞ്ഞപ്പോഴേക്കും തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് കടക്കുകയായിരുന്നു ഇരുവരും. ഇവർക്കെതിരെ സിബിഐ ആവശ്യപ്പെട്ട പ്രകാരം ഇന്റർപോളിന്റെ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി വൈകി ഗോവ നിശാക്ലബ്ബിൽ ഉണ്ടായ തീപിടുത്തത്തിൽ ഇരുപത്തിയഞ്ച് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആ വൈകുന്നേരം ക്ലബ്ബിൽ ഒരു സംഗീത നിശ നടക്കുകയായിരുന്നു, അതിൽ ഭൂരിഭാഗവും വിനോദസഞ്ചാരികൾ ആയിരുന്നു. പരിപാടിക്കിടെ പടക്കങ്ങൾ ഉപയോഗിച്ചിരുന്നു. ഇതാണ് തീപിടുത്തത്തിന് കാരണമായത്. തീപിടിത്തവുമായി ബന്ധപ്പെട്ട് മാനേജർമാരും സ്റ്റാഫുമായി ഇതുവരെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഗ്നി സുരക്ഷാ മാനദണ്ഡങ്ങളുടെ ഞെട്ടിക്കുന്ന ലംഘനമാണ് നൈറ്റ്ക്ലബിനെ ഒരു മരണക്കെണിയാക്കി മാറ്റിയത്.
അഗ്നിശമന സേന തീ അണച്ചപ്പോഴേക്കും 25 പേർ മരിച്ചിരുന്നു. അവരിൽ അഞ്ച് പേർ വിനോദസഞ്ചാരികളും 20 പേർ സ്റ്റാഫ് അംഗങ്ങളുമായിരുന്നു. മൃതദേഹങ്ങളിൽ ഭൂരിഭാഗവും ബേസ്മെന്റിൽ നിന്നാണ് കണ്ടെത്തിയത്. തിരക്കേറിയ അവധിക്കാലത്ത് സംഭവിച്ച ദാരുണമായ ദുരന്തത്തിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
Goa nightclub tragedy; Luthra brothers arrested in Thailand, efforts underway to extradite them to India









