
കൊച്ചി : വിവാഹം അടക്കമുള്ള ആവശ്യങ്ങള്‍ക്കായും സമ്പാദ്യമായി കരുതിവയ്ക്കുന്നവര്‍ക്കും നേരിയ ആശ്വാസവുമായി ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,050 രൂപയായി. 200 രൂപ താഴ്ന്ന് പവന്‍ വില 64,400 രൂപയായിലേക്കെത്തി. ഇന്നലെ റെക്കോര്‍ഡിട്ട സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 8,075 രൂപയിലും പവന് 64,600 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും ഇന്നു വിലയിടിഞ്ഞത്.
അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,620 രൂപയായിട്ടുണ്ട്. വെള്ളിവിലയും ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 105 രൂപയിലെത്തി. ട്രംപിന്റെ താരിഫ് നയത്തിനു പുറമെ, യുഎസില്‍ ഉപഭോക്തൃസംതൃപ്തി സൂചിക നേരിട്ട തളര്‍ച്ച, ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ എന്നിവയും സ്വര്‍ണവിലയെ താഴെയിറക്കാന്‍ കാരണമായി.