
കൊച്ചി : ട്രംപിന്റെ തീരുവ ഭൂതത്തെ ഭയന്ന് സ്വര്‍ണവിപണി. രാജ്യാന്തരതലത്തിലെവില വ്യത്യാസം കേരളത്തിലെ വിപണിയേയും ഉലച്ചു. കേരളത്തില്‍ ഇന്നും സ്വര്‍ണവില പുത്തന്‍ റെക്കോര്‍ഡില്‍ എത്തി. കേരളത്തില്‍ ഗ്രാമിന് ഇന്ന് 70 രൂപ കൂടി 9,470 രൂപയും പവന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ച് 75,760 രൂപയുമായി. ഇന്നലെയും സ്വര്‍ണം റെക്കോര്‍ഡിലെത്തിയിരുന്നു. ഗ്രാമിന് 9,400 രൂപയും പവന് 75,200 രൂപയുമായിരുന്നു ഇന്നലത്തെ റെക്കോര്‍ഡ്.
ചിങ്ങമാസം, ഓണം, കല്യാണ സീസണ്‍ അടുത്തിരിക്കേയുള്ള സ്വര്‍ണ വിലക്കുതിപ്പ് ആഭരണം വാങ്ങാനിരിക്കുന്നവരെ നിരാശരാക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണിയില്‍ രാജ്യാന്തരവില 3,500 ഡോളര്‍ കടന്നാല്‍ കേരളത്തില്‍ പവന്‍വില 78,000 രൂപ കടക്കും. അങ്ങനെ സംഭവിച്ചാല്‍ പണിക്കൂലിയും നികുതിയുമടക്കം 90,000 രൂപയിലധികം നല്‍കിയാലേ ഒരു പവന്‍ സ്വര്‍ണം വാങ്ങാനാകൂ.