ശബരിമലയിലെ ദ്വാരപാലകപാളികളിലെയും കട്ടിളപ്പാളിയിലെയും സ്വര്‍ണക്കവര്‍ച്ച; ഉണ്ണികൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലകപാളികളിലെയും കട്ടിളപ്പാളിയിലെയും സ്വര്‍ണക്കവര്‍ച്ച കേസിൽ ഉണ്ണികൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍. പുളിമാത്തുള്ള വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി.

പരമാവധി തെളിവുകളും മൊഴികളും ശേഖരിച്ചതിന് ശേഷമാണ് എസ്‌ഐടിയുടെ ചോദ്യം ചെയ്യല്‍. അറസ്റ്റിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ശബരിമലയില്‍ സ്വര്‍ണക്കൊള്ള രണ്ട് സമയങ്ങളിലായിരുന്നു നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. വാതില്‍പ്പാളിയിലെ സ്വര്‍ണം 2019 മാര്‍ച്ചില്‍ കടത്തിക്കൊണ്ടുപോയി ഉരുക്കിയതായാണ് കരുതപ്പെടുന്നത്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം 2019 ഓഗസ്റ്റില്‍ കവര്‍ന്നതായും കരുതപ്പെടുന്നു.

അതേസമയം സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ മൊഴി ആവര്‍ത്തിച്ചിരുന്നു. ശില്‍പത്തില്‍ പൂശിയ ശേഷം ബാക്കി വന്ന 420 ഗ്രാം സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയെന്നാണ് പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്.

Gold theft from the Dwarapalakapali and Kattilapali in Sabarimala; Unnikrishnan Potti in custody

More Stories from this section

family-dental
witywide