
യുഎസ്, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് ഗൂഗിൾ ഫ്ളൈറ്റ് ഡീൽസ് സെർച്ച് ലഭ്യമാക്കുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ വെബിലും മൊബൈലിലും പ്രവർത്തിക്കുമെന്നും ഫ്ളൈറ്റ് ഡീൽസ് പേജ് വഴി നിങ്ങൾക്ക് ആക്സസ് ചെയ്യാമെന്നും റിപ്പോർട്ട്. ഫ്ളൈറ്റ് ടിക്കറ്റുകളിൽ പണം ലാഭിക്കുക എന്നതാണ് നിങ്ങളുടെ പ്രധാന ലക്ഷ്യമെങ്കിൽ പുതിയ AI സെർച്ച് ടൂൾ ഏറെ സഹായകവും ഏറ്റവും മികച്ചതായിരിക്കും എന്നാണ് ഗൂഗിൾ പറയുന്നത്.
ഓൺലൈനിൽ മികച്ച ഫ്ളൈറ്റ് ഡീലുകൾ കണ്ടെത്താൻ എഐ സഹായം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ സെർച്ച് ടൂൾ. ശരിയായ ടെക്സ്റ്റ് പ്രോംപ്റ്റുകൾ നൽകുമ്പോൾ ഉത്തരങ്ങൾ നിങ്ങളുടെ സ്ക്രീനിലെത്തും. ഉപയോക്താവ് എന്താണ് തിരയുന്നത് എന്നത് കൃത്യമായി മനസിലാക്കാൻ ഫ്ളൈറ്റ് ഡീൽസ് അതിന്റെ നൂതന AI മോഡലുകൾ ഉപയോഗിക്കുന്നു. പ്രസക്തവും ഏറ്റവും പുതിയതുമായ ഫലങ്ങൾ നൽകുന്നതിന് ഗൂഗിൾ ഫ്ളൈറ്റ്സിൻ്റെ ലൈവ് ഡാറ്റയെ ആശ്രയിക്കുമെന്നും ഗൂഗിൾ പറയുന്നു.
നിങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കാനും നിങ്ങൾ നിശ്ചയിച്ച ബജറ്റിന്റെ അടിസ്ഥാനത്തിൽ ഫ്ളൈറ്റ് വിവരങ്ങൾ നൽകാനും സെർച്ച് ടാബിൽ ജെമിനി അടിസ്ഥാനമാക്കിയുള്ള സംവിധാനം ഉണ്ടായിരിക്കും. നിങ്ങൾക്ക് എപ്പോൾ, എവിടെ, എങ്ങനെ യാത്ര ചെയ്യാനാണ് ഇഷ്ടമെന്ന് വിവരിക്കാം. ബാക്കിയുള്ള കാര്യങ്ങൾ ഫ്ളൈറ്റ് ഡീൽസ് നോക്കുമെന്നും ഗൂഗിൾ പറയുന്നു. അതേ സമയം, നിർമ്മിത ബുദ്ധി ഫ്ളൈറ്റ് ഡീൽസിനൊപ്പം ക്ലാസിക് ഗൂഗിൾ ഫ്ളൈറ്റ്സ് ഇവിടെത്തന്നെ തുടരുമെന്നും ഗൂഗിൾ ഉറപ്പ് നൽകുന്നു.