ഇനി ഗൂഗിൾ പറയും; വസ്ത്രങ്ങൾ ചേരുന്നുണ്ടോ ഇല്ലയോ എന്ന്; അമേരിക്കയിൽ ആദ്യമെത്തി

പൊതുവേ ആളുകൾക്ക് ഉള്ള സംശയമാണ് ധരിക്കുന്നതിന് മുമ്പ് ആ വസ്ത്രം നമുക്ക് ചേരുമോ എന്ന്. അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഗൂഗിൾ ലാബ്സ് പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയ ഗൂഗിൾ ഡോപ്ള്‍ (Doppl) ആണ് വസ്ത്രത്തിൻ്റെ കൺഫ്യൂഷൻ തീർക്കാൻ സഹായമായി എത്തുന്നത്. പുതിയ ആപ്പ് വഴി ഡിജിറ്റൽ ശരീരത്തിൽ വസ്ത്രങ്ങൾ വെർച്വലായി അണിഞ്ഞ് ചേർച്ച ഉണ്ടോയെന്ന് നോക്കാം. യൂസറുടെ അനിമേറ്റ് ചെയ്തതും, ചലനമുള്ളതുമായ ഡിജിറ്റൽ രൂപമാണ് ആപ്പിലൂടെ ഇതിനായി ലഭിക്കുന്നത്.

ഉപഭോക്താക്കൾക്ക് വസ്ത്രങ്ങൾ അണിഞ്ഞു നോക്കാനായി പുതിയ ഫീച്ചർ കൊണ്ടുവരുമെന്ന് മെയ് മാസത്തിൽ കമ്പനി അറിയിച്ചിരുന്നു. ഇതിനായി എ ഐ ഉപയോഗിച്ച് ജനറേറ്റ് ചെയ്ത വീഡിയോ പോലെ ചലിപ്പിക്കാൻ കഴിയുന്ന ഡിജിറ്റൽ രൂപം അവതരിപ്പിക്കുമെന്നും പറഞ്ഞിരുന്നു. ഈ ഫീച്ചർ പരീക്ഷിക്കാൻ സ്വന്തം ഫോട്ടോ അപ്‌ലോഡ് ചെയ്താൽ അതിന്റെ അനിമേറ്റഡ് വേർഷൻ നമുക്ക് ലഭിക്കും. പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന വസ്ത്രങ്ങളുടെ ഫോട്ടോകളോ സ്ക്രീൻഷോട്ടുകളോ അപ്‌ലോഡ് ചെയ്യാനും അവ എങ്ങനെയിരിക്കുമെന്ന് തൽക്ഷണം കാണാനും കഴിയും. ഫോട്ടോയോടൊപ്പം പുതിയ ഡ്രസ്സ് ധരിക്കുമ്പോൾ നമ്മളുടെ ലുക്ക് എങ്ങനെ ആണെന്ന് അറിയാനായി ഒരു എ ഐ വിഡിയോയും ഗൂഗിൾ നൽകും.

നിലവില്‍ ടോപ്‌സ്, ബോട്ടംസ് മറ്റു ഡ്രെസുകള്‍ തുടങ്ങിയവ മാത്രമാണ് നോക്കാൻ സാധിക്കുന്നത്. ചെരുപ്പുകൾ, അടിവസ്ത്രങ്ങള്‍, ബാത്തിങ് സ്യൂട്ട്സ് തുടങ്ങിയവ പരീക്ഷിക്കാനാവില്ല. സുഹൃത്തുക്കളിൽ നിന്നോ സോഷ്യൽ മീഡിയയിൽ നിന്നോ കാണുന്ന വസ്ത്രങ്ങൾ ഫോട്ടോ ഡോപ്ലിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിനോടൊപ്പം അത് സേവ് ചെയ്ത മറ്റുള്ളവർക്ക് ഷെയർ ചെയ്യാനുള്ള ഓപ്ഷനും ആപ്പിലുണ്ട്. പരീക്ഷണ ഘട്ടത്തിലായതിനാൽ ചിലപ്പോൾ ഡോപ്പിൾ ന് തടസ്സങ്ങൾ നേരിട്ടേക്കാമെന്നും ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. നിലവിൽ അമേരിക്കയിൽ മാത്രം ലഭ്യമാകുന്ന ഗൂഗിൾ ഡോപ്ള്‍ കൂടുതൽ സവിശേഷതകളോടെ മറ്റ് രാജ്യങ്ങളിലേക്കും എത്തിക്കാനാണ് തീരുമാനം. ഗൂഗിൾ പ്ലേ സ്റ്റോർ ,ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയും.