
കൊല്ലം: തേവലക്കര ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സർക്കാർ നടപടി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് നടപടി.
കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയായ എസ്. സുജയുടെ ഭാഗത്തതു നിന്ന് വീഴ്ച സംഭവിച്ചതായി ഉത്തരവില്‍ പറയുന്നു. ഇതുസംബന്ധിച്ച് അച്ചടക്ക നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്‌കൂള്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. സ്‌കൂളിലെ മുതിര്‍ന്ന അധ്യാപികയായ ജി. മോളിക്കാണ് പകരം ചുമതല.
നേരത്തെ മിഥുന്റെ വീട് മന്ത്രിമാരായ വി ശിവന്‍കുട്ടിയും കെ എന്‍ ബാലഗോപാലും സന്ദര്‍ശിച്ചിരുന്നു. അപകടമുണ്ടായ സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രിമാര്‍ മിഥുന്റെ വീട്ടിലെത്തിയത്. കുടുംബത്തെ ഇരുവരും ആശ്വസിപ്പിച്ചു. സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ടാകുമെന്ന് ഇരുവരും അറിയിച്ചു. കെഎസ്ഇബി നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ധനസഹായം ചീഫ് എന്‍ജിനിയര്‍ മിഥുന്റെ അച്ഛനും അനിയനും കൈമാറി. മരിച്ച മിഥുന്റെ സഹോദരന്റെ വിദ്യാഭ്യാസ ചിലവും സര്‍ക്കാര്‍ വഹിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.