
തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലയിൽ താൽക്കാലിക വൈസ് ചാൻസലർ (വിസി) നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവർണർക്ക് വീണ്ടും കത്തയച്ചു. നിയമന നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും നിയമപ്രകാരമല്ല നടത്തിയതെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ഇന്ന് രാവിലെയാണ് സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് നിലവിലെ താല്‍ക്കാലിക വി സിമാരെ വീണ്ടും നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. സർക്കാർ പാനൽ തള്ളിയ ഗവർണർ ഡിജിറ്റല്‍, കെടിയു വി സിമാരായി സിസ തോമസ്, കെ ശിവപ്രസാദ് എന്നിവരെ വീണ്ടും നിയമിക്കുകയായിരുന്നു. നടപടിയെ നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.
സുപ്രീം കോടതി വിധി വന്നിട്ടും അതിന്റെ അന്തസത്തയ്ക്ക് വിരുദ്ധമായ നടപടിയാണ് ഗവർണറിൽ നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ചാൻസലർ സർക്കാരുമായി യോജിച്ച് തീരുമാനമെടുക്കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. എന്നാൽ, ഇന്ന് നിയമിതരായവർ സർക്കാർ നിർദേശിച്ച പാനലിൽ ഉൾപ്പെട്ടവരല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമനം പൊരിഞ്ഞ പോര് ഉയർത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചത്. ഗവർണറുടെ നടപടി സർവകലാശാലയുടെ ഭരണനടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.
ഇരുവരെയും നിയമിച്ച നടപടി തിരുത്താന്‍ ചാന്‍സലറായ ഗവര്‍ണറോട് സർക്കാർ ആവശ്യപ്പെടതോടെ പോര് വീണ്ടും കനക്കുമെന്നുറപ്പാണ്. ഉടന്‍ പുതിയ പാനല്‍ സമര്‍പ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വി സി നിയമനത്തിൽ ഗവര്‍ണര്‍ കോടതി വിധി ലംഘിച്ചുവെന്നും സുപ്രീംകോടതിയെ സർക്കാർ അറിയിക്കും. സുപ്രീംകോടതി വി സി നിയമനം സര്‍ക്കാര്‍ പാനലില്‍ നിന്നും വേണമെന്ന് വ്യക്തമാക്കിയിരുന്നു. സ്ഥിരം വിസിമാരെ നിയമിക്കുന്നതുവരെ നിലവിലെ വിസിമാര്‍ക്ക് തുടരാം, തുടങ്ങി സര്‍വകലാശാലകളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കരുതെന്നും നിരീക്ഷിച്ചായിരുന്നു സുപ്രീംകോടതിയുടെ വിധി.