
തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് നിലവിലെ താല്‍ക്കാലിക വി സിമാരെ വീണ്ടും നിയമിച്ച് ഗവര്‍ണര്‍. സർക്കാർ പാനൽ തള്ളിയ ഗവർണർ ഡിജിറ്റല്‍, കെടിയു വി സിമാരായി സിസ തോമസ്, കെ ശിവപ്രസാദ് എന്നിവരെ വീണ്ടും നിയമിച്ചു. നടപടിയെ നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.
ഇരുവരെയും നിയമിച്ച നടപടി തിരുത്താന്‍ ചാന്‍സലറായ ഗവര്‍ണറോട് സർക്കാർ ആവശ്യപ്പെടും. കൂടാതെ ഉടന്‍ പുതിയ പാനല്‍ സമര്‍പ്പിക്കാനും തീരുമാനമായി. വി സി നിയമനത്തിൽ ഗവര്‍ണര്‍ കോടതി വിധി ലംഘിച്ചുവെന്നും സുപ്രീംകോടതിയെ സർക്കാർ അറിയിക്കും. സുപ്രീംകോടതി വി സി നിയമനം സര്‍ക്കാര്‍ പാനലില്‍ നിന്നും വേണമെന്ന് വ്യക്തമാക്കിയിരുന്നു. സ്ഥിരം വിസിമാരെ നിയമിക്കുന്നതുവരെ നിലവിലെ വിസിമാര്‍ക്ക് തുടരാം, തുടങ്ങി സര്‍വകലാശാലകളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കരുതെന്നും നിരീക്ഷിച്ചായിരുന്നു സുപ്രീംകോടതിയുടെ വിധി.