ഗ്രാമി അവാർഡ് ജേതാവായ സംഗീതസംവിധായകൻ റിക്കി കേജ് സൊമാറ്റോ ഡെലിവറി ഏജന്റിനെതിരെ ആരോപണവുമായി രംഗത്ത്. ബെംഗളൂരുവിലെ തന്റെ വീട്ടിൽ ഒരാൾ അതിക്രമിച്ചു കയറി സംപ് കവറുകൾ മോഷ്ടിക്കുന്നതായി കാണാമെന്ന് റിക്കി ശനിയാഴ്ച X-ൽ പങ്കുവെച്ച ഒരു വീഡിയോയിൽ പറയുന്നു. മോഷണം നടത്തിയ വ്യക്തി സൊമാറ്റോ ഡെലിവറി ഏജന്റാണെന്നാണ് റിക്കി കേജിന്റെ ആരോപണം.
പ്രിയ @zomato, @zomatocare, വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ നിങ്ങളുടെ ഒരു ഡ്രൈവർ എന്റെ വീട്ടിൽ കയറി സംപ് കവർ മോഷ്ടിച്ചിരിക്കുകയാണ്. വളരെ ധൈര്യത്തോടെയാണ് ഇയാൾ ഇത് ചെയ്തത്. ഇത് ആദ്യമായല്ലെന്ന് തോന്നുന്നു. 15 മിനിറ്റ് മുൻപ് ഇയാൾ സ്ഥലം പരിശോധിച്ച് പോയിരുന്നു, തുടർന്ന് തിരികെവന്ന് മോഷണം നടത്തിയെന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ കുറിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ രണ്ട് കോണുകളിൽ നിന്നുള്ളതും, മോഷ്ടാവിന്റെ മുഖവും ബൈക്കിന്റെ നമ്പർ പ്ലേറ്റും വ്യക്തമായി കാണുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
ചുവപ്പ് നിറമുള്ള ഹോണ്ട ആക്ടിവ സ്കൂട്ടറിന്റെ നമ്പറും പങ്കുവെച്ചു. ഈ വ്യക്തിയെ കണ്ടെത്താൻ സൊമാറ്റോയ്ക്കോ ബെംഗളൂരു സിറ്റി പൊലീസിനോ സഹായിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണം. ഇത് നിങ്ങള്ക്കും സംഭവിക്കാം എന്നും റിക്കി കേജ് മുന്നറിയിപ്പ് നൽകി.അതേസമയം, സംഭവം ഗുരുതരമാണെന്ന് സൊമാറ്റോ കെയർ മറുപടിയിൽ പറഞ്ഞു. ഇത് വളരെ ആശങ്കാജനകമാണ്. ഞങ്ങളുടെ ഡെലിവറി പങ്കാളികളിൽ നിന്ന് ഇത്തരം പെരുമാറ്റം ഞങ്ങൾ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. സംഭവം ഉടൻ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ദയവായി നിങ്ങളുടെ മൊബൈൽ നമ്പർ ഡി.എം. വഴി പങ്കുവെക്കുക എന്ന് സൊമാറ്റോ അറിയിച്ചു.
ബെംഗളൂരു സിറ്റി പൊലീസ് ഔദ്യോഗിക അക്കൗണ്ടിലൂടെയും പ്രതികരിച്ചു. സംഭവസ്ഥലത്തിന്റെ വിവരങ്ങളും ബന്ധപ്പെടാനുള്ള നമ്പറും പങ്കുവെക്കാൻ റിക്കി കേജിനോട് പൊലീസ് ആവശ്യപ്പെട്ടു. മൂന്ന് ഗ്രാമി അവാർഡുകൾ നേടിയിട്ടുള്ള റിക്കി കേജ് ഇന്ത്യയിലെ പ്രമുഖ സംഗീതസംവിധായകനും ഗായകനും പരിസ്ഥിതി പ്രവർത്തകനുമാണ്. ഐക്യരാഷ്ട്രസഭയുടെ ഗുഡ്‌വിൽ അംബാസഡറായ അദ്ദേഹം, ഇന്ത്യയുടെ ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നായ പത്മശ്രീയും നേടിയിട്ടുണ്ട്.
Grammy winner Ricky Kej alleges theft at Bengaluru home by Zomato agent










