ജി എസ് ടി പരിഷ്കരണം; കേരളത്തിന് 2,00000 കോടി രൂപവരെ നഷ്ടം സംഭവിക്കാമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ

തിരുവനന്തപുരം : ജി എസ് ടി പരിഷ്കരണത്തിന്റെ ഭാഗമായി കേരളത്തിന് 50,000 കോടി മുതൽ 2,00000 കോടി രൂപവരെ നഷ്ടം സംഭവിക്കാമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. പരിഷ്കരണത്തിന്റെ ഭാഗമായി കൃത്യമായ പഠനങ്ങൾ നടത്തിയിട്ടില്ലെന്നും ഏതാനും മാസങ്ങൾ കഴിയുമ്പോൾ വീണ്ടും കാര്യങ്ങൾ പഴയനിലയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

50,000 കോടി മുതൽ 2,00000 കോടി രൂപവരെ നഷ്ടം കേരളത്തിന് സംഭവിക്കാമെന്ന മുന്നറിയിപ്പുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. ഇത്രയും പണം ഒരു വർഷം നഷ്ടപ്പെട്ടാൽ സാമൂഹിക ക്ഷേമ പെൻഷൻ, ശമ്പളം, വികസനം എന്നിവയ്ക്കുള്ള പണമാണ് സംസ്ഥാനങ്ങൾക്ക് നഷ്ടപ്പെടാൻ പോകുന്നതെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

സംസ്ഥാനങ്ങൾക്ക് വേറെ വരുമാനം ഉണ്ടാക്കാൻ മാർഗം ഇല്ല. എല്ലാ സംസ്ഥാനങ്ങളുടേയും ആകെ വരുമാനത്തിന്റെ 41 ശതമാനവും ജി എസ് ടിയിൽ നിന്നാണ്. അത് നഷ്ടപ്പെട്ട് കഴിഞ്ഞാൽ വലിയ പ്രശ്നം ആണ്. ഈ നഷ്ടം നികത്താൻ എന്ത് ചെയ്യും എന്നതിൽ വ്യക്തതയില്ലെന്നും കെ എൻ ബാല​ഗോപാൽ പറഞ്ഞു. ജനങ്ങൾക്ക് ശമ്പളം ലഭിച്ചാൽ അല്ലേ കുറഞ്ഞ വിലയ്ക്ക് സാധനം വാങ്ങാൻ സാധിക്കൂ എന്ന ചോദ്യവും മന്ത്രി ഉയർത്തി.

അതേസമയം, ജി എസ് ടി കൗൺസിലിന്റെ തീരുമാനത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പങ്കുവഹിച്ചിട്ടുണ്ടെന്നും ഒരു സംസ്ഥാനം പോലും ഉത്പന്നങ്ങൾക്ക് വില കുറയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എതിരഭിപ്രായം ഉന്നയിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നികുതി കുറയ്ക്കുന്ന സമയത്ത് പല കമ്പനികളും ഇതിന്റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കില്ലെന്നും കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ ഈ വിഷയം സമ്മതിച്ചതാണെന്നും കെ എൻ ബാല​ഗോപാൽ പറഞ്ഞു.

More Stories from this section

family-dental
witywide