ഗുജറാത്ത് സർക്കാരിലെ സർജിക്കൽ സ്ട്രൈക്ക്: ഹർഷ് സംഘ്‌വി ഉപമുഖ്യമന്ത്രി; റിവാബ ജഡേജ ഉൾപ്പെടെ 19 പുതുമുഖങ്ങൾ

അഹമ്മദാബാദ്: ഗുജറാത്ത് മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മജുറ എംഎൽഎ ഹർഷ് സംഘ്‌വി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ജാംനഗർ നോർത്ത് എംഎൽഎയുമായ റിവാബ ജഡേജ ഉൾപ്പെടെ 19 പുതുമുഖങ്ങൾ മന്ത്രിസഭയിൽ ഇടംപിടിച്ചു. ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ സെന്ററിൽ ഗവർണർ അചാര്യ ദേവവ്രതയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉൾപ്പെടെ പുതിയ മന്ത്രിസഭയിൽ ആകെ 26 അംഗങ്ങളാണുള്ളത്. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് മന്ത്രിസഭാ പുനഃസംഘടന നടത്തിയത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഒഴികെയുള്ള 16 മന്ത്രിമാരും രാജി സമർപ്പിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി ഗവർണറെ കണ്ട് പുതിയ അംഗങ്ങളുടെ പട്ടിക കൈമാറി. മുൻ ആഭ്യന്തര സഹമന്ത്രിയായിരുന്ന ഹർഷ് സംഘ്‌വി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. കഴിഞ്ഞ മന്ത്രിസഭയിലെ ഋഷികേശ് പട്ടേൽ, പ്രഫുൽ പൻഷേരിയ, കുൻവാർജി ഭവാലിയ, കനുഭായ് ദേശായി, പർഷോത്തം സോളങ്കി തുടങ്ങിയവരെ പുതിയ മന്ത്രിസഭയിലും നിലനിർത്തി, വകുപ്പുകളിൽ മാറ്റമില്ലാതെ തുടരും.

പുതുമുഖങ്ങളായി സത്യപ്രതിജ്ഞ ചെയ്തവരിൽ നരേഷ് പട്ടേൽ, ദർശന വഗേല, പ്രത്യുമാൻ വാജ, കാന്തിലാൽ അമൃതിയ, മനിഷ വാകിൽ, അർജുൻ മോൻഡ്വാഡിയ, ജിതു വാഘാണി, സ്വരൂപ് ജി ഠാക്കൂർ, ത്രികം ഛാംഗ, ജയറാം ഗാമിത്, പി സി ബരാന്ദ, രമേശ് കത്താറ, ഈശ്വർസിൻ പട്ടേൽ, പ്രവീൺ മാലി, രാമൻഭായ് സോളങ്കി, കമലേഷ് പട്ടേൽ, സഞ്ജയ് സിങ് മാഹിദ എന്നിവരും ഉൾപ്പെടുന്നു. 182 അംഗ നിയമസഭയുള്ള ഗുജറാത്തിൽ മന്ത്രിമാരുടെ പരമാവധി എണ്ണം 27 ആണ്.

പുതിയ മന്ത്രിസഭയിൽ സാമൂഹിക പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഒബിസി വിഭാഗത്തിൽ നിന്ന് 8 പേർ, പാട്ടിദാർ വിഭാഗത്തിൽ നിന്ന് 6 പേർ, എസ്ടി വിഭാഗത്തിൽ നിന്ന് 4 പേർ, എസ്സി വിഭാഗത്തിൽ നിന്ന് 3 പേർ, ക്ഷത്രിയ വിഭാഗത്തിൽ നിന്ന് 2 പേർ, ബ്രാഹ്മണും ജൈനും വിഭാഗങ്ങളിൽ നിന്ന് ഓരോരുത്തരും ഉൾപ്പെടുന്നു. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്ത്രപരമായ നീക്കമാണ് മന്ത്രിസഭാ വിപുലീകരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Gujarat Cabinet reshuffle