വാഗ-അട്ടാരി: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മെയ് മാസത്തിലുണ്ടായ അതിർത്തി സംഘർഷത്തിന് ശേഷം ആദ്യമായി ഗുരു നാനാക് ജയന്തി ആഘോഷിക്കാൻ സിഖ് തീർഥാടകർക്കായി വാഗ-അട്ടാരി അതിർത്തി തുറന്നു. സിഖ് മതസ്ഥാപകനായ ഗുരു നാനാക്കിന്റെ 556-ാം ജന്മവാർഷികാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായാണ് തീർഥാടകർ പാകിസ്ഥാനിലേക്ക് പ്രവേശിച്ചത്.
2,100-ൽ അധികം തീർഥാടകർക്കാണ് പത്ത് ദിവസത്തെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായ പാകിസ്ഥാൻ ഹൈക്കമ്മീഷൻ വിസ അനുവദിച്ചത്. ഇതിൽ ഏകദേശം 1,700 പേരാണ് അതിർത്തി കടന്നതെന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ ഉദ്യോഗസ്ഥർ അതിർത്തിയിൽ തീർഥാടകരെ പൂക്കളും റോസാപ്പ ഇതളുകളും നൽകി സ്വീകരിച്ചു. മെയ് മാസത്തിലുണ്ടായ ഏറ്റുമുട്ടലുകളെ തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഏക കരമാർഗ്ഗം അടച്ചിരുന്നു.
അതേസമയം, തീർഥാടകരുടെ പ്രവേശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അൽപ്പം അയവ് വരുത്തുന്നതിൻ്റെ സൂചനയായി കണക്കാക്കപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലാഹോറിന് പടിഞ്ഞാറ് 80 കിലോമീറ്റർ അകലെയുള്ള ഗുരു നാനാക്കിന്റെ ജന്മസ്ഥലമായ നൻകാന സാഹിബിലാണ് തീർഥാടകർ ആദ്യം എത്തുക. തുടർന്ന് ഗുരുവിൻറെ ശവകുടീരം സ്ഥിതി ചെയ്യുന്ന കർതാർപൂർ ഉൾപ്പെടെയുള്ള മറ്റ് പുണ്യസ്ഥലങ്ങളും ഇവർ സന്ദർശിക്കും. എന്നാൽ, 2019-ൽ തുറന്നതും വിസ ഇല്ലാതെ ക്ഷേത്രം സന്ദർശിക്കാൻ സിഖുകാരെ അനുവദിക്കുന്നതുമായ കർതാർപൂർ ഇടനാഴി തുറന്നു നൽകിയിട്ടില്ല.
Guru Nanak Jayanti; Sikh pilgrims enter Pakistan through Wagah-Attari border after clashes













