
കൊല്ലം: ഗുരുവായൂർ – മധുര എക്സ്പ്രസിലെ യാത്രക്കാരെയെല്ലാം നടുക്കിക്കൊണ്ട് കൊല്ലത്തുവച്ച് ബോഗികൾ വേർപ്പെട്ടു. ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു നടുക്കുന്ന സംഭവം. നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കെയാണ് ട്രെയിനിൽ നിന്ന് ബോഗികൾ വേർപെട്ടെങ്കിലും അപകടം ഒഴിവായി. ആർക്കും പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നത് ഭാഗ്യമായി.
ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം ഉണ്ടായിരുന്നതിനാൽ വേർപെട്ട് മുന്നോട്ട് പോയ എഞ്ചിനോട് ചേർന്ന ഭാഗം അധികം ദൂരത്തല്ലാതെ നിന്നതാണ് രക്ഷയായത്. ട്രെയിനിൻ്റെ മധ്യഭാഗത്ത് നിന്നാണ് ബോഗികൾ തമ്മിലെ ബന്ധം വിച്ഛേദിക്കപ്പെട്ടത്. പിന്നീട് റെയിൽവെ സാങ്കേതിക വിഭാഗം ജീവനക്കാരെത്തി പ്രശ്നം പരിഹരിച്ചു. അര മണിക്കൂറോളം ഈ ഭാഗത്ത് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. സംഭവത്തിൽ റെയിൽവെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.