വാഷിംഗ്ടൺ: H-1B, ഗ്രീൻ കാർഡ് അപേക്ഷകൾക്ക് ഇനി സ്വീകരിക്കുക ഇലക്ട്രോണിക് പേയ്‌മെന്റ് മാത്രം. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) ഒക്ടോബർ 28 മുതൽ എല്ലാ അപേക്ഷകളും ഹർജികളും സ്വീകരിക്കുമ്പോൾ അടക്കേണ്ട ഫീസ് ഇലക്ട്രോണിക് വഴിയിലൂടെ മാത്രമാണ് സ്വീകരിക്കുക. പേപ്പർ ചെക്കുകളും മണി ഓർഡറുകളും ഇനി സ്വീകരിക്കില്ല. പുതിയ നിയമപ്രകാരം, യുഎസ് ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴിയാണ് ഫീസ് അടയ്ക്കേണ്ടത്. യുഎസ് ബാങ്ക് അക്കൗണ്ടല്ലാത്തതിൽ നിന്ന് വരുന്ന പേയ്‌മെന്റുകൾ സ്വയം നിരസിക്കും.
USCIS ഫീസായി ഒക്ടോബർ 28 മുതൽ ACH ഡെബിറ്റ് (Form G-1650) ( യുഎസ് ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക്, അക്കൗണ്ടിൽ നിന്ന് തുക നേരിട്ട് ഡെബിറ്റ് ചെയ്യും ) വഴിയും ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് (Form G-1450) (യുഎസ് കാർഡ് അല്ലെങ്കിൽ പ്രീപെയ്ഡ് കാർഡ് വഴിയുള്ള പേയ്‌മെന്റ്) എന്നിവ വഴിയുള്ള ഇലക്ട്രോണിക് പേയ്‌മെന്റുകൾ മാത്രമാണ് സ്വീകരിക്കുക. പേയ്‌മെന്റ് പരാജയപ്പെട്ടാൽ അല്ലെങ്കിൽ ഫണ്ട് പോരായാൽ അപേക്ഷ നേരിട്ട് നിരസിക്കപ്പെടും.
“ഇനി മുതൽ USCIS-ലേക്ക് സമർപ്പിക്കുന്ന എല്ലാ അപേക്ഷകൾക്കും ഫീസ് ഇലക്ട്രോണിക് വഴിയിലൂടെ മാത്രമേ അടയ്ക്കാൻ കഴിയൂ. ഇതിൽ H-1B (Form I-129), വിദ്യാർത്ഥി അല്ലെങ്കിൽ ആശ്രിതരുടെ എക്സ്റ്റൻഷൻ (Form I-539), തൊഴിൽ അനുമതി (Form I-765), ഗ്രീൻ കാർഡ് അപേക്ഷ (Form I-485) എന്നിവയും ഉൾപ്പെടുന്നുവെന്ന് ഡ്രീം (Dreem) സ്ഥാപകനും സിഇഒയുമായ ദിമിത്രി ലിറ്റ്വിനോവ് വ്യക്തമാക്കി.
പേപ്പർ ചെക്കുകൾ ഇനി സ്വീകരിക്കില്ല. പേയ്‌മെന്റ് പരാജയപ്പെട്ടാൽ ഫയലിംഗ് നിരസിക്കും. കുറച്ച് വിഭാഗങ്ങൾക്കു മാത്രമേ ഫീസ് ഒഴിവാക്കൽ (fee exemption) ലഭിക്കൂ. ഇലക്ട്രോണിക് മാർഗം ഫീസ് അടയ്ക്കാൻ കഴിയാത്തവർക്ക് Form G-1651 ഉപയോഗിച്ച് ‘hardship exemption’ അപേക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷകർ അവരുടെ അക്കൗണ്ടിൽ ആവശ്യമായ തുക ഉറപ്പാക്കണം. തൊഴിൽദാതാക്കളും വിദ്യാർത്ഥികളും അപേക്ഷ ഫീസ് അടയ്ക്കുമ്പോൾ ശരിയായ മാർഗം തിരഞ്ഞെടുക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
H-1B, H-2B തൊഴിലാളികൾക്കായി അപേക്ഷിക്കുന്ന കമ്പനികൾ, വിദേശ വിദ്യാർത്ഥികളും അവരുടെ ആശ്രിതരും, ഗ്രീൻ കാർഡ് അപേക്ഷകർ, വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്പോൺസർമാരും, ഇമിഗ്രേഷൻ അഭിഭാഷകർ, അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ഏജന്റുമാർ എന്നിവരെയാണ് ഈ മാറ്റം ബാധിക്കുക. മുന്‍പ് പേപ്പർ ചെക്ക് അല്ലെങ്കിൽ മണി ഓർഡർ വഴി ഫീസ് അടച്ചിരുന്നവർക്ക് ഇനി പുതിയ മാർഗത്തിലേക്ക് മാറണം. ACH ഡെബിറ്റ് ഓപ്ഷൻ ഉപയോഗിക്കാൻ യുഎസ് ബാങ്ക് അക്കൗണ്ട് വേണം. അക്കൗണ്ട് ഇല്ലെങ്കിൽ, Form G-1450 ഉപയോഗിച്ച് കാർഡ് വഴിയാണ് പേയ്‌മെന്റ് ചെയ്യേണ്ടത്. അതിനാൽ വിദേശ വിദ്യാർത്ഥികൾക്കും H-1B അപേക്ഷകർക്കും അക്കൗണ്ട് തുറക്കേണ്ട ആവശ്യമില്ലെന്നും ലിറ്റ്വിനോവ് പറഞ്ഞു.
H-1B, Green Card applications now require electronic payment only; goodbye to paper checks













