എച്ച്-1ബി വിസയുടെ ഫീസ് വർധന; ആശയകുഴപ്പത്തിലായി ഇന്ത്യക്കാർ, യാത്രകൾ റദ്ദാക്കി

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എച്ച്-1ബി തൊഴിൽ വിസകൾക്ക് 1,00,000 ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള ഉത്തരവിന് തൊട്ടുപിന്നാലെ യുഎസിലെ ഇന്ത്യക്കാർ ആശയകുഴപ്പത്തിലായി. ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ കയറാൻ കാത്തിരിക്കുന്നതിനിടെ വന്ന അറിയിപ്പ് കേട്ട് അതോടെ പലരും യാത്ര റദ്ദാക്കി. ദീപാവലിയും പൂജാ അവധിയും കുടുംബങ്ങളിലെ വിവാഹം പോലുള്ള ചടങ്ങുകൾക്കുമാണ് പലരും നാട്ടിലേക്ക് പുറപ്പെടാനിരുന്നത്.

അതേസമയം, 24 മണിക്കൂറിനുള്ളിൽ അമേരിക്കയിലേക്ക് തിരിച്ചെത്തേണ്ടതിനാൽ നാട്ടിലെത്തിയ ഇന്ത്യക്കാർ തിരിച്ചുപോകാനും തയ്യാറായി. സ്വന്തം വിവാഹത്തിനായി ഇന്ത്യയിലേക്ക് പോകേണ്ടിയിരുന്ന ഒരാൾ യാത്ര റദ്ദാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. പ്രഖ്യാപനം പ്രാബല്യത്തിൽ വരുന്ന സെപ്റ്റംബർ 21 ലെ അവസാന തീയതിക്ക് മുമ്പ് യുഎസിന് പുറത്തേക്ക് യാത്ര ചെയ്യരുതെന്നും ഉടൻ തന്നെ തിരിച്ചെത്തണമെന്നും കമ്പനികൾ ജീവനക്കാരോടും ആവശ്യപ്പെട്ടു.

H-1B വിസ ഫീസ് പ്രതിവർഷം 1,00,000 ഡോളറായി ഉയർത്താനാണ് ട്രംപ് തീരുമാനിച്ചത്. നടപടിക്രമം എന്താണെന്നും ഫൈൻ പ്രിന്റ് എന്താണെന്നും ആർക്കും അറിയില്ലെന്ന് ആളുകൾ പറയുന്നുവെന്നും അവധിക്കാലത്ത് ആളുകൾ കുടുംബത്തോടൊപ്പം പോകാൻ ആഗ്രഹിക്കുന്ന സമയമാണിത്. ഈ വർഷം യാത്ര ചെയ്യാൻ കഴിയില്ലെന്നും ഒരാൾ പറഞ്ഞുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.