ഡിസംബർ 15 മുതൽ H-1B, H-4 വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ പരിശോധന (സോഷ്യൽ മീഡിയ വെറ്റിംഗ്) അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആരംഭിച്ചതോടെ വിസ പ്രക്രിയയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിരിക്കുകയാണ്. അപേക്ഷകരുടെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിച്ച് അമേരിക്ക വിരുദ്ധ ഉള്ളടക്കമുണ്ടോ എന്ന് വിലയിരുത്തിയ ശേഷമാണ് വിസ അനുവദിക്കുന്നത്. അതിനാൽ അഭിമുഖ ദിനത്തിൽ തന്നെ വിസ അംഗീകാരം ലഭിക്കാതെ ദിവസങ്ങൾക്കുശേഷം മാത്രമാണ് തീരുമാനം അറിയാൻ കഴിയുന്നത്.
നടപടിയിൽ റെഡ്ഡിറ്റിൽ ഒരാൾ പങ്കുവച്ച അനുഭവമാണിപ്പോൾ വൈറലായിരിക്കുന്നത്. DS-160 ഫോമിൽ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് വിസ ഓഫീസർ ചോദിച്ചപ്പോൾ, താൻ ‘ഇല്ല’ എന്ന് മറുപടി നൽകിയതോടെ പ്രശ്നങ്ങൾ ആരംഭിച്ചതായി ആ അപേക്ഷകൻ പറയുന്നു. അദ്ദേഹത്തിന്റെ പാസ്പോർട്ട് വിസ ഓഫീസർ കൈപ്പറ്റിയില്ലെന്നും, പകരം DS-5535 ഫോം പൂരിപ്പിക്കാൻ നിർദേശിച്ചതായും പറയുന്നു. ഈ ഫോമിൽ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും വിശദമായി രേഖപ്പെടുത്തി, അവ പബ്ലിക്കായി തുടരണമെന്നും ആവശ്യപ്പെടുന്നു.
ഈ പുതിയ പരിശോധനാ രീതി ഇന്ത്യയിലെ യുഎസ് കോൺസുലേറ്റ് ഓഫീസുകളിൽ വലിയ ആശയക്കുഴപ്പത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ദിവസേന നിരവധി വിസ അഭിമുഖങ്ങൾ നടത്തിയിരുന്ന കോൺസുലേറ്റുകളിൽ, സോഷ്യൽ മീഡിയ വെറ്റിംഗ് കാരണം അഭിമുഖങ്ങളുടെ എണ്ണം വൻതോതിൽ കുറയ്ക്കേണ്ടിവന്നു. ഇതോടെ, ഈ മാസം നിശ്ചയിച്ചിരുന്ന നൂറുകണക്കിന് H-1B വിസ അഭിമുഖങ്ങൾ 2026 മധ്യത്തിലേക്ക് മാറ്റിയതായി അപേക്ഷകർക്ക് അവസാന നിമിഷത്തിൽ അറിയിപ്പ് ലഭിച്ചു.
സോഷ്യൽ മീഡിയ വെറ്റിംഗ് അനുഭവങ്ങൾ പലരും ഓൺലൈനിൽ പങ്കുവയ്ക്കുന്ന സാഹചര്യത്തിൽ, വിസ ഉദ്യോഗസ്ഥർ അഭിമുഖത്തിനിടെ അപേക്ഷകരോട് പുതിയ നടപടിക്രമങ്ങളെക്കുറിച്ച് അറിയാമോയെന്നും എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പബ്ലിക്കാക്കിയിട്ടുണ്ടോയെന്നും ചോദിക്കുന്നതായി വ്യക്തമായിട്ടുണ്ട്. കൂടാതെ അപേക്ഷകർക്ക് 221(g) സ്ലിപ്പ് നൽകുന്നുണ്ട്. ഇതിൽ അപേക്ഷ ‘റിഫ്യൂസ്ഡ്’ എന്ന് രേഖപ്പെടുത്തിയിരുന്നാലും, പിന്നീട് സ്റ്റാറ്റസ് ‘അപ്രൂവ്ഡ്’ ആയി മാറുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
DS-160 ഫോം
DS-160 എന്ന ഫോം അമേരിക്കയിലേക്കുള്ള ഭൂരിഭാഗം നോൺ-ഇമിഗ്രന്റ് വിസകൾക്ക് നിർബന്ധമായ ഓൺലൈൻ അപേക്ഷാ ഫോമാണ്. വിസ അഭിമുഖത്തിന് മുൻപ് ഇത് സമർപ്പിക്കണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉപയോഗിച്ച എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും — ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, X, ലിങ്ക്ഡിൻ, യൂട്യൂബ്, ടിക് ടോക്, റെഡ്ഡിറ്റ്, സ്നാപ്ചാറ്റ്, പിന്ററെസ്റ്റ്, ടംബ്ലർ, വാട്സ്ആപ്പ്, ടെലിഗ്രാം, വീചാറ്റ് തുടങ്ങിയവ — ഈ ഫോമിൽ രേഖപ്പെടുത്തണം.
DS-5535 ഫോം
വിസ അഭിമുഖത്തിനു ശേഷം ചില പ്രത്യേക കേസുകളിൽ മാത്രമാണ് വിസ ഓഫീസർ DS-5535 ഫോം നൽകുന്നത്. ഔദ്യോഗികമായി ഇത് ‘Supplemental Questions for Visa Applicants’ എന്ന പേരിലാണ് അറിയപ്പെടുന്നത്. കൂടുതൽ സുരക്ഷാ പരിശോധനയ്ക്കും പശ്ചാത്തല പരിശോധനയ്ക്കുമാണ് ഇത് ഉപയോഗിക്കുന്നത്. DS-160 ഫോമിൽ തന്നെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും കൃത്യമായി രേഖപ്പെടുത്തിയ അപേക്ഷകർക്ക് സാധാരണയായി ഈ ഫോം നൽകുന്നില്ല. ഇത് വിസ നിഷേധം എന്ന് അർഥമാക്കുന്നില്ലെങ്കിലും, നടപടിക്രമങ്ങൾ പൂർത്തിയാകാൻ ആഴ്ചകളോ മാസങ്ങളോ എടുക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
H-1B Visa Interview Crisis on Social Media Vetting; One person’s experience was discussed on Reddit














