
ആലപ്പുഴ: മുന്‍ മന്ത്രി ജി. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി എച്ച്. സലാം എം.എല്‍.എ. അമ്പലപ്പുഴയിലെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം യുദ്ധക്കളത്തിന് സമാനമാക്കിയെന്ന ജി സുധാകരന്റെ പരാമര്‍ശത്തിനെതിരെയാണ് എച്ച്. സലാം എം.എല്‍.എയുടെ പ്രതികരണം. ജി. സുധാകരന്റെ പ്രസ്താവനകള്‍ സര്‍ക്കാരിനെയും നേതൃത്വം നല്‍കിയ കുഞ്ചന്‍നമ്പ്യാര്‍ സ്മാരക സമിതിയെയും ജനപ്രതിനിധികളെയും അപമാനിക്കാന്‍ ലക്ഷ്യം വച്ചുള്ളതാണ്. അനാവശ്യമായി ആക്ഷേപിക്കാന്‍ തുനിയരുതെന്നും സലാം മുന്നറിയിപ്പ് നല്‍കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എച്ച്. സലാമിന്റെ വിമര്‍ശനം. ‘കണ്ടാലറിവാന്‍ സമര്‍ഥനല്ലെങ്കില്‍ നീ
കൊണ്ടാലറിയുമതിനില്ല സംശയം’ എന്ന കുഞ്ചന്‍ നമ്പ്യാരുടെ വരികളും പരാമര്‍ശിച്ചായിരുന്നു എച്ച് സലാമിന്റെ വിമര്‍ശനം.
ജി സുധാകരന്റെ പ്രസ്താവനകള്‍ സര്‍ക്കാരിനെയും നേതൃത്വം നല്‍കിയ കുഞ്ചന്‍നമ്പ്യാര്‍ സ്മാരക സമിതിയെയും ജനപ്രതിനിധികളെയും അപമാനിക്കാന്‍ ലക്ഷ്യം വച്ചുള്ളതാണ്. അനാവശ്യമായി ആക്ഷേപിക്കാന്‍ തുനിയരുത്. നുണകള്‍ ചേര്‍ത്തുള്ള ഈ വ്യായാമം എന്തിന്? ആര്‍ക്കുവേണ്ടി നടത്തുന്നു? എന്ന ചോദ്യങ്ങളും
അദ്ദേഹം ഉന്നയിച്ചു.
അനാവശ്യങ്ങള്‍ പലപ്പോഴും പറയുമ്പോഴും പ്രതികരിക്കാത്തത് ഭാഷ വശമില്ലാത്തത് കൊണ്ടോ പറയാന്‍ അറിയാത്തത് കൊണ്ടോ അല്ല. എന്നെ പോലെയുള്ളവരുടെ ഉള്ളില്‍ ബഹുമാനം അവശേഷിക്കുന്നത് കൊണ്ടാണ്. അത് ഇനിയും കളഞ്ഞുകുളിക്കരുതെന്ന താക്കീതും സലാം നല്‍കി. സാംസ്‌കാരിക കേന്ദ്രം നിര്‍മ്മിക്കുവാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ച സ്മാരക സമിതി അംഗങ്ങളുടെ അന്തസ്സ് ഇടിച്ചു താഴ്ത്താന്‍ ദയവായി പരിശ്രമിക്കരുതെന്നും എച്ച് സലാം.