മുംബൈ: അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ പുതിയ നയത്തിൻ്റെ ഫലമായി എച്ച് 1ബി വിസ നിരക്ക് കുത്തനെ ഉയർത്തുകയും പുതിയ എച്ച് 1 ബി വിസ നൽകുന്നതിന് കർശനനിയന്ത്രണങ്ങൾ കൊണ്ടുവരുകയുംചെയ്‌ത പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കു പ്രവർത്തനം മാറ്റുന്നതു പരിഗണിച്ച് അമേരിക്കൻ കമ്പനികൾ. കമ്പനികളുടെ വളർച്ച കൂട്ടാനും ആഗോള നൈപുണ്യകേന്ദ്രങ്ങൾ ശക്തിപ്പെടുത്തിനുമാണ് മാറ്റങ്ങൾക്ക് ഒരുങ്ങുന്നത്. നിർമിതബുദ്ധി കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയതും വിസയിൽ കുറവു വരുത്തിയതും മുൻനിർത്തി തൊഴിൽക്രമം മാറ്റാനാണ് അമേരിക്കൻ കമ്പനികൾ ആലോചിക്കുന്നത്.
രാജ്യത്ത് വിദേശികളുടെ വരവ് കുറയ്ക്കാനായാണ് അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപ് എച്ച് 1ബി വിസയുടെ ഫീസ് നിലവിലെ 5,000 ഡോളറിൽനിന്ന് ഒരു ലക്ഷം ഡോളറായാണ് ഉയർത്തിയത്. ഇതിനെതിരേ അമേരിക്കൻ കമ്പനികൾ കോടതിയെ സമീപിക്കാനുള്ള സാധ്യത തേടുന്നുണ്ട്. ഇതു സാധ്യമായില്ലെങ്കിൽ ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് പ്രവർത്തനം മാറ്റുന്നതിനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഔദ്യോഗികമായി കമ്പനികൾ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
നിലവിൽ ഇന്ത്യയിൽ പ്രവർത്തനമുള്ള അമേരിക്കൻ ടെക്നോളജി കമ്പനികളായ ആമസോൺ, മൈക്രോസോഫ്റ്റ്, ആപ്പിൾ, ആൽഫബെറ്റ്, ജെപി മോർഗൻ ചേസ്, വാൾമാർട്ട് പോലുള്ള കമ്പനികളാണ് എച്ച് 1 ബി വിസയിൽ കൂടുതൽ നിയമനം നടത്തിയിട്ടുള്ളതെന്ന് സർക്കാർ കണക്കുകൾ പറയുന്നു. ആഗോളതലത്തിലുള്ളതിൻ്റെ പകുതിയോളം വരുന്ന 1,700-ലധികം ആഗോള നൈപുണ്യ കേന്ദ്രങ്ങൾ (ജിസിസി – ഗ്ലോബൽ കേപബിലിറ്റി സെന്റർ) നിലവിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. വിവിധ മേഖലകളിൽ ഗവേഷണങ്ങളും വികസനപ്രവർത്തനങ്ങളും ഇന്ത്യയിൽ നടക്കുന്നുണ്ട്. എച്ച് 1ബി വിസയുടെ നിയന്ത്രണം ഇന്ത്യയെ ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തന ഹബ്ബായി മാറ്റാനുള്ള സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.














