
കൊച്ചി : പാതിവില തട്ടിപ്പ് കേസില്‍ പൊലീസ് പ്രതി ചേര്‍ത്തതിനെതിരെ മുനമ്പം ജുഡീഷ്യല്‍ കമ്മീഷനും റിട്ടയേഡ് ജസ്റ്റിസുമായ സിഎന്‍ രാമചന്ദ്രന്‍. പ്രാഥമിക പരിശോധന പോലും നടത്താതെയാണ് പൊലീസ് തനിക്കെതിരെ കേസെടുത്തതെന്നാണ് അദ്ദേഹത്തിന്റെ വാദം.
എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഉപദേഷ്ടാവ് ആയിരുന്നു താനെന്നും, ഫെഡറേഷന്റെ രക്ഷധികാരിയല്ലെന്നും വ്യക്തമാക്കിയ അദ്ദേഹം തെറ്റിദ്ധാരണയാണോ മറ്റെന്തെങ്കിലും ആണോ കേസെടുക്കാന്‍ കാരണമന്നറിയില്ലെന്നും പ്രതികരിച്ചു.
മുനമ്പം കമ്മിഷന്റെ പ്രവര്‍ത്തനം മുടക്കാന്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നുവെന്നും മുനമ്പം കമ്മീഷന്‍ ആയതുകൊണ്ടാണോ കേസ് വന്നതെന്ന് സംശയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പെരിന്തല്‍മണ്ണയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സി.എന്‍ രാമചന്ദ്രനെ മൂന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തത്. സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ഡയറക്ടര്‍ അനന്തകുമാറാണ് പെരിന്തല്‍മണ്ണയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതി. നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷന്‍ ചെയര്‍മാനാണ് ആനന്ദ കുമാര്‍.
കേസില്‍ പ്രതി ചേര്‍ത്തതോടെ സിഎന്‍ രാമചന്ദ്രന്‍ നായരെ മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ സ്ഥാനത്ത് നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി ലഭിച്ചിട്ടുണ്ട്. കൊച്ചി സ്വദേശിയായ അഡ്വ. കുളത്തൂര്‍ ജയസിംഗ് ആണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയത്. സിഎന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ സഹിതമാണ് പരാതി.
അതേസമയം, കേസ് ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റ കൃത്യ വിഭാഗത്തിന് കൈമാറി ഡി ജി പി ഇന്ന് ഉത്തരവിറക്കും. കേസന്വേഷണത്തിനായി ഓരോ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിക്കും. സാമ്പത്തിക തട്ടിപ്പ് കേസില്‍ ആനന്ദ് കുമാറിനെ പൊലിസ് വൈകാതെ ചോദ്യം ചെയ്യും. പ്രതിമാസം അനന്തുകൃഷ്ണന്റെ സംഘടനയില്‍ നിന്നും ആനന്ദ് കുമാര്‍ പ്രതിഫലം വാങ്ങിയതിന്റെ രേഖകള്‍ ലഭിച്ചിട്ടുണ്ട്.













