
അമേരിക്കയും ഈജിപ്തും ഖത്തറും നടത്തിയ പരിശ്രമങ്ങൾ വിജയത്തിലേക്കെത്തുന്നുവെന്നും ഗാസയിൽ സമാധാനം പുലരുമെന്നും സൂചന. പുതുതായി മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ടുകൾ. 60 ദിവസത്തെ വെടിനിർത്തൽ നിർദേശത്തോട് ഹമാസ് അനുകൂലമായി പ്രതികരിച്ചതായി അൽജസീറ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ കരാർ പ്രകാരം ബന്ദികളെ രണ്ട് ഘട്ടങ്ങളിലായി മോചിപ്പിക്കും.
ഈ കാലയളവിൽ സ്ഥിരമായ വെടിനിർത്തലിനെയും ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റത്തെക്കുറിച്ചും ചർച്ചകൾ നടക്കുമെന്നാണ് സൂചന. എന്നാൽ, ഇതുവരെ ഇസ്രയേൽ ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസ്സിം അൽ താനിയും ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താഹ് എൽ-സിസിയും കയ്റോയിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ കരാർ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നത്.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രയേലിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നു. ഹമാസ് പിടിച്ചുവെച്ചിരിക്കുന്ന ബന്ദികളുടെ കുടുംബാംഗങ്ങൾക്ക് പിന്തുണയുമായാണ് ഈ പ്രതിഷേധങ്ങൾ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ഹമാസുമായി യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ എത്തണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.