ഗാസ സൈനിക മേധാവി മുഹമ്മദ് സിൻവാറിന്റെ മരണം ഹമാസ് സ്ഥിരീകരിച്ചു

ഗാസ സിറ്റി: ഇസ്രായേൽ അവകാശവാദം ഉന്നയിച്ച് മാസങ്ങൾക്ക് ശേഷം, ഗാസ സൈനിക മേധാവി മുഹമ്മദ് സിൻവാറിന്റെ മരണം പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസ് സ്ഥിരീകരിച്ചു. മെയ് മാസത്തിൽ നടത്തിയ ആക്രമണത്തിൽ സിൻവാർ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടതിന് പിന്നാലെയാണ് ഹമാസിന്റെ സ്ഥിരീകരണം. മുഹമ്മദ് സിൻവാറിനെ വധിച്ചത് ഇസ്രയേൽ സൈന്യം തന്നെയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചിരുന്നു. പാർലമെന്റിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2023 ഒക്ടോബർ 7-ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണം ആസൂത്രണം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു മുഹമ്മദ് സിൻവാർ. ‘രക്തസാക്ഷികൾ’ എന്ന് വിശേഷിപ്പിച്ച് ഇസ്‌മായിൽ ഹനിയ്യ, യഹ്യ സിൻവാർ, മുഹമ്മദ് ദൈഫ് അടക്കമുള്ള നേതാക്കളുടെ ചിത്രങ്ങളോടൊപ്പം മുഹമ്മദ് സിൻവാറിന്റെയും ചിത്രം ഹമാസ് പുറത്തുവിട്ടു. മുഹമ്മദ് സിൻവാറിൻ്റെ മരണത്തോടെ വടക്കൻ ഗസ്സയിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഇസ്സുദ്ധീൻ ഹദ്ദാദ് ഇനി ഹമാസിന്റെ സായുധ വിഭാഗത്തിന്റെ ചുമതലയേൽക്കും.

ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ ദീർഘകാല ഭാഗമായിരുന്ന മുഹമ്മദ് സിൻവാർ, അതിന്റെ ഏറ്റവും മുതിർന്ന കമാൻഡർമാരിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്നു. 2024 ഒക്ടോബറിൽ ഹമാസ് നേതാവായിരുന്ന യഹ്‌യ സിൻവാറിൻ്റെ മരണശേഷമായിരുന്നു സഹോദരൻ മുഹമ്മദ് സിൻവാർ ഹമാസിൻ്റെ ചുമതല ഏറ്റെടുത്തത്. യഹ്‌യയുടെ മരണശേഷം, ഗാസയുടെ തെക്ക് ഭാഗത്ത് അദ്ദേഹം നേതൃത്വം നൽകുകയും മുന്നേറുകയും ചെയ്തു.

2006-ൽ ഇസ്രായേലി സൈനികനായ ഗിലാദ് ഷാലിറ്റിനെ തട്ടിക്കൊണ്ടുപോയതിന്റെ ആസൂത്രണത്തിലൂടെ മുഹമ്മദ് സിൻവാർ ഹമാസിലെ പ്രധാനിയായി മാറി. ഇത് 2011-ൽ തടവുകാരെ കൈമാറുന്നതിലേക്ക് നയിച്ചിരുന്നു. ഹമാസിനെ പൂർണ്ണമായും തകർക്കുമെന്ന് പ്രതിജ്ഞയെടുത്ത ഇസ്രായേലിന്റെ സൈനിക പ്രചാരണത്തിൽ മുഹമ്മദ് സിൻവാറിൻ്റെ മരണം ഒരു വഴിത്തിരിവാകുമെന്നാണ് റിപ്പോർട്ടുകൾ.

More Stories from this section

family-dental
witywide