
ടെല്‍ അവീവ്: ഹമാസ് മുന്‍ മേധാവി യഹിയ സിന്‍വാറിന്റെ സഹോദരനും ഗാസയിലെ സൈനികത്തലവനുമായ മുഹമ്മദ് സിന്‍വര്‍ കൊല്ലെപ്പെട്ടെന്ന് ഇസ്രയേൽ. നേരത്തെ തന്നെ ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും ഇസ്രയേൽ സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ച ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ സിന്‍വാറിന്‍റെ മൃതദേഹം ഖാന്‍ യുനിസിലെ ടണലില്‍ നിന്ന് ഇസ്രയേല്‍ സൈന്യം കണ്ടെത്തിയെന്നാണ് ഇപ്പോൾ സ്ഥിരീകരണമായിരിക്കുന്നത്. സൗദി ചാനലായ അല്‍ ഹദയത് അടക്കം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സിന്‍വാറിനൊപ്പം സഹായികളായ പത്തുപേരും കൊല്ലപ്പെട്ടുവെന്നും ഇവരുടെ മൃതദേഹങ്ങളും ഇവിടെ നിന്നും ലഭിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു. റാഫയിലെ ഹമാസ് നേതാവായ മുഹമ്മദ് ഷബാനയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും സൂചനകളുണ്ട്. ചൊവ്വാഴ്ചയാണ് സിന്‍വാര്‍ ഒളിവില്‍ താമസിക്കുന്നതെന്ന് കരുതിയ യൂറോപ്യന്‍ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഈ ആക്രമണത്തിലാണ് സിൻവാർ കൊല്ലപ്പെട്ടതായി ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ സിന്‍വാര്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ഒക്ടോബറില്‍ തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ വധിച്ച മുന്‍ ഹമാസ് നേതാവ് യഹിയ സിന്‍വാറിന്‍റെ ഇളയ സഹോദരനാണ് ഹമാസിന്‍റെ മിലിട്ടറി കമാന്‍ഡറായ മുഹമ്മദ് സിന്‍വാര്‍. മുഹമ്മജ് ദെയ്ഫിനെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെ ജൂലൈയിലാണ് ഹമാസിന്‍റെ സൈനിക വിഭാഗത്തിന്‍റെ ചുമതല മുഹമ്മദ് സിന്‍വാര്‍ ഏറ്റെടുത്തത്.