
ടെൽ അവീവ്: ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പായാൽ തങ്ങളുടെ പക്കലുള്ള ഇസ്രായേൽ ബന്ദികളിൽ 34 പേരെ മോചിപ്പിക്കുമെന്ന് ഹമാസ്. ആദ്യഘട്ടമായി മോചിപ്പിക്കുന്ന 34 ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടു 10 സ്ത്രീകളും 11 പുരുഷന്മാരും കുട്ടികളും ഉൾപ്പെടുന്ന ബന്ദി സംഘത്തിന്റെ പട്ടികയാണ് പുറത്തുവിട്ടത്. വെടിനിർത്തുകയും ഗസ്സയിൽനിന്ന് പൂർണമായി സൈന്യം പിന്മാറുകയും ചെയ്യുമെന്ന് ഉറപ്പുനൽകിയാൽ മാത്രമേ ബന്ദികളെ വിട്ടയക്കൂവെന്ന് ഹമാസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഹമാസ് നിർദേശങ്ങൾ അംഗീകരിക്കാൻ തയാറല്ലാത്ത ഇസ്രായേൽ ഇപ്പോഴും പിടിവാശി തുടരുകയാണെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ ദോഹയിൽ നടക്കുന്ന ഗസ്സ വെടിനിർത്തൽ ചർച്ച അലസിപ്പിരിഞ്ഞെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.
അതേസമയം, ബന്ദികളുടെ പേരുകൾ ഹമാസ് കൈമാറിയെന്ന റിപ്പോർട്ടുകൾ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫിസ് തള്ളി. ഇസ്രായേലാണ് ബന്ദികളുടെ പട്ടിക നൽകിയതെന്നും പട്ടികയിലുള്ള ബന്ദികളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ഹമാസിൽനിന്ന് ഒരു മറുപടിയും ലഭിച്ചില്ലെന്നും പ്രസ്താവനയിൽ പ്രതികരിച്ചു.
ജനുവരി 20ന് ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേൽക്കുന്നതിനുമുമ്പ് വെടിനിർത്തൽ കരാർ യഥാർഥ്യമാക്കാനാണ് കഴിഞ്ഞയാഴ്ച വീണ്ടും ചർച്ചക്ക് തുടക്കമിട്ടത്.
Hamas ready to release 34 Israeli homage















