
ഗാസ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന നിർദേശങ്ങളിൽ ഭേദഗതികൾ ആവശ്യപ്പെട്ട് ഹമാസ് ഉടൻ പ്രതികരണം അറിയിക്കുമെന്ന് റിപ്പോർട്ട്. ഇസ്രയേൽ സേനയുടെ പിൻമാറ്റത്തിൽ കൂടുതൽ വ്യക്തത വേണമെന്നും, ഹമാസിനെ നിരായുധീകരിക്കണമെന്ന ആവശ്യത്തിൽ മാറ്റങ്ങൾ വേണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളുമായി ഹമാസ് ചർച്ചകൾ തുടരുകയാണ്. 20 നിർദേശങ്ങൾ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് മുന്നോട്ടുവെച്ചത്. ഇതിനോട് നാലോ ദിവസത്തിനുള്ളിൽ ഹമാസ് മറുപടി നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ കാണാമെന്ന ഭീഷണിയും യു എസ് പ്രസിഡന്‍റ് ഉയർത്തിയിരുന്നു.
ട്രംപിന്റെ സമാധാന പദ്ധതിക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുടെ ആഗോള പിന്തുണ ലഭിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. എന്നാൽ, ഹമാസിന്റെ തീരുമാനം നിർണായകവും ദുഷ്കരവുമാണെന്ന് ഗാസയിലെ രാഷ്ട്രീയ നിരീക്ഷകൻ ഖൈമിർ അബൂസാദ വ്യക്തമാക്കി. ഹമാസ് നിർദേശങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും, മറുപടി വൈകിയാൽ ഇസ്രയേലിന് എന്തും ചെയ്യാമെന്ന ട്രംപിന്റെ മുന്നറിയിപ്പ് ഗൗരവമേറിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ, ഗാസ സിറ്റിയിൽ നിന്ന് എല്ലാ പലസ്തീനികളും ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ അന്ത്യശാസനം നൽകി. ഒഴിഞ്ഞുപോകാത്തവരെ ഹമാസ് അനുകൂലികളായി കണക്കാക്കുമെന്നും, ഗാസയിൽ തുടരുന്നവർക്ക് നാശം നേരിടേണ്ടിവരുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ഗാസ സിറ്റിയിൽ നിന്നുള്ള പ്രധാന പാത അടയ്ക്കുമെന്നും ഇസ്രയേൽ സേന അറിയിച്ചു, ഇത് പ്രദേശത്തെ സംഘർഷം കൂടുതൽ രൂക്ഷമാക്കിയേക്കാം.










