
വാഷിങ്ടന്‍: രണ്ടുവര്‍ഷം നീണ്ട രക്തച്ചൊരിച്ചിലിനൊടുവില്‍ ഗാസസമാധാനത്തിലേക്ക് ചുവടുവയ്ക്കുകയാണ്. കരാര്‍ നടപ്പിലാക്കി 72 മണിക്കൂറിനുള്ളില്‍ ബന്ദികളെ ഇരുകൂട്ടരും കൈമാറമണെന്നതാണ് ഇസ്രയോലും ഹമാസും ഒപ്പുവെച്ച കരാറിലെ പ്രധാന വ്യവസ്ഥ. ഗാസയില്‍ ജീവനോടെയുള്ള 20 ഇസ്രയേലി ബന്ദികള്‍ക്ക് പകരം ഇസ്രയേലിലെ ജയിലില്‍ കഴിയുന്ന 2,000 പലസ്തീന്‍ തടവുകാരെയാണ് കൈമാറുക.
അതേസമയം, പലസ്തീന്‍ ജനതയ്ക്കുവേണ്ടി തുടര്‍ന്നും പോരാടുമെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. പലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും നേടിയെടുക്കുന്നതില്‍ ഹമാസ് എന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും നേതാക്കള്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ”ഗാസ മുനമ്പിലും, ജറുസലേമിലും, വെസ്റ്റ് ബാങ്കിലും, മാതൃരാജ്യത്തിനകത്തും പുറത്തും, പലസ്തീനികളുടെ അവകാശങ്ങളെ ലക്ഷ്യം വച്ച് നടക്കുന്ന അധിനിവേശ ഫാസിസ്റ്റ് പദ്ധതികളെ നേരിടുന്നതിന് മുന്നോട്ടുവന്ന നമ്മുടെ പൂര്‍വീകരെ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. ഗാസയിലെ ജനങ്ങളുടെ ത്യാഗങ്ങളെ ബഹുമാനിക്കുന്നു. പലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യം, സ്വയം നിര്‍ണയാവകാശം എന്നിവ നേടിയെടുക്കുന്നതില്‍ എന്നും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും പ്രതിജ്ഞയെടുക്കുന്നു” ഹമാസ് പറയുന്നു.
ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ ഈജിപ്തിലെ കയ്‌റോയില്‍ ആരംഭിച്ച സമാധാനചർച്ചയുടെ മൂന്നാംദിനത്തിലാണ് സമാധാന ചർച്ചയുടെ ആദ്യഘട്ടം വിജയകരമെന്ന് ട്രംപ് അറിയിച്ചത്.