സൗദിയിൽ നിന്നൊരു ആശ്വാസ വാർത്ത, കൂടുതൽ ശിക്ഷ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി, റഹീമിന്റെ മോചനം വൈകില്ല?

റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന് ആശ്വാസ വിധി. സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതക കേസിൽ കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി സൗദി സുപ്രീം കോടതി തള്ളുകയായിരുന്നു. കീഴക്കോടതി വിധിച്ച 20 വർഷ ജയിൽശിക്ഷയെ സുപ്രീം കോടതി ശരിവെച്ചതോടെ, റഹീമിനെതിരെ ഇനി മറ്റു നടപടികൾ ഉണ്ടാവില്ലെന്നും മോചനത്തിലേക്കുള്ള പാത എളുപ്പമാകുമെന്നും വിലയിരുത്തപ്പെടുന്നു. റഹീമിന് നിയമ സഹായം നൽകുന്ന സമിതി വിധിയോട് സന്തോഷം പ്രകടിപ്പിച്ചു.

കൊലപാതക കുറ്റത്തിന് 2006 നവംബറിൽ അറസ്റ്റിലായ റഹീമിന് 2012-ൽ വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ, സ്വകാര്യ അവകാശത്തിന്റെ അടിസ്ഥാനത്തിൽ 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദിയ (രക്തമൂല്യം) നൽകി വാദിഭാഗം മാപ്പ് നൽകിയതോടെ ഒരു വർഷം മുമ്പ് വധശിക്ഷ ഒഴിവായി. പൊതു അവകാശപ്രകാരമുള്ള (പബ്ലിക് റൈറ്റ്) തീർപ്പ് അനന്തമായി നീണ്ടുനിന്നതാണ് ജയിൽമോചനത്തിന് തടസ്സമായിരുന്നത്. 2026 ഡിസംബറിൽ 20 വർഷ ശിക്ഷ പൂർത്തിയാകുമ്പോഴേക്കും പൊതു അവകാശപ്രകാരമുള്ള കാര്യങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

ഈ കേസിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞൊരു വർഷത്തിനിടെ 13 സിറ്റിങ്ങുകളാണ് സൗദി സുപ്രീം കോടതി നടത്തിയത്. പൊതു അവകാശപ്രകാരമുള്ള വിഷയങ്ങൾ പരിഹരിക്കപ്പെട്ടതോടെ റഹീമിന്റെ മോചനം അടുത്തെത്തുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. കേരളത്തിലെ നാട്ടുകാരും സംഘടനകളും റഹീമിന്റെ മോചനത്തിനായി നടത്തിയ സമ്മർദ്ദമാണ് ഈ വിധിയ്ക്ക് കാരണമായതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

More Stories from this section

family-dental
witywide