സെൻസർ ബോർഡിനോട് ദൈവങ്ങളുടെ പട്ടിക തേടി ഹരീഷ് വാസുദേവന്റെ വിവരാവകാശ അപേക്ഷ

കൊച്ചി: ദൈവങ്ങളുടെ പട്ടിക തേടി അഭിഭാഷകനായ ഹരീഷ് വാസുദേവൻ്റെ വിവരാവകാശ അപേക്ഷ. ജെഎസ്‌കെ സിനിമാ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സെന്‍സര്‍ ബോര്‍ഡിനോട് ദൈവങ്ങളുടെ പട്ടിക നല്‍കാന്‍ ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ആണ്‍ ദൈവങ്ങളുടേയും പെണ്‍ ദൈവങ്ങളുടേയും പട്ടിക വേണമെന്നാണ് ആവശ്യം. തന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് പേരിടുമ്പോള്‍ ജാഗ്രത പുലര്‍ത്തുന്നതിന് വേണ്ടിയാണ് പട്ടിക ആവശ്യപ്പെട്ടതെന്നാണ് ഹരീഷ് പറയുന്നത്. ജാനകി എന്നത് ദൈവത്തിന്റെ പേരാണ് എന്ന നിഗമനത്തിലേയ്ക്ക് സെൻസർ ബോർഡ് എത്തിയത് എന്തിൻ്റെ അടിസ്ഥാനത്തിലാണെന്നും ഉറവിടം വ്യക്തമാക്കണമെന്നും ഹരീഷ് ആവശ്യപ്പെട്ടു.

സെന്‍സര്‍ ബോര്‍ഡിന്റെ കൈവശമുള്ള ദൈവങ്ങളുടെ പട്ടിക വേണം. ഇതില്‍ ആണ്‍ ദൈവങ്ങളെത്ര, പെണ്‍ ദൈവങ്ങളെത്ര എന്ന കാര്യത്തില്‍ വ്യക്തത വേണം. താന്‍ ചെയ്യുന്ന ചിത്രത്തില്‍ ബലാത്സംഗത്തിനിരയാകുന്ന ഒരു സ്ത്രീയാണ് പ്രധാന കഥാപാത്രം. ആ കഥാപാത്രത്തിനും അവരെ ഉപദ്രവിക്കുന്ന വില്ലന്‍ കഥാപാത്രത്തിനും പേര് വേണം. പേര് തെരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തുന്നതിന് വേണ്ടിയാണ് പട്ടിക ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഹരീഷ് പറയുന്നു.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതിയും അതോടനുബന്ധിച്ച് കേസുകളും നടക്കുന്നതിനിടയിലാണ് ദൈവങ്ങളുടെ പേരുകളുടെ പട്ടിക വേണമെന്ന ആവശ്യവുമായി ഹരീഷ് വാസുദേവന്‍ രംഗത്തെത്തിയിരിക്കുന്നത്.

More Stories from this section

family-dental
witywide