
കണ്ണൂര്‍: ആറളത്ത് കാട്ടാന ആക്രമണത്തില്‍ മരിച്ച ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. ആറളം ഫാമിലെ പതിമ്മൂന്നാം ബ്ലോക്കിലെ ആദിവാസി ദമ്പതികളായ വെള്ളി, ഭാര്യ ലീല എന്നിവരാണ് ഇന്നലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം.
വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇരകളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നാണ് പ്രഖ്യാപനം. ആദ്യഘട്ട നഷ്ടപരിഹാരം ഇന്ന് കൈമാറുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇന്ന് കണ്ണൂരിലെത്തും. വൈകിട്ട് മൂന്ന് മണിക്ക് സര്‍വകക്ഷിയോഗം ചേരുന്നുണ്ട്.
പതിമൂന്നാം ബ്ലോക്കില്‍ വന്യമൃഗ ശല്യത്തെ തുടര്‍ന്ന് നൂറുകണക്കിന് കുടുംബങ്ങള്‍ വീടൊഴിഞ്ഞുപോയിരുന്നു. ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമില്‍ ഇരുപതോളം പേരാണ് ഇതുവരെ കാട്ടാന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതെന്നതും ഞെട്ടിക്കുന്ന കണക്കാണ്.
സംഭവത്തില്‍ വനംവകുപ്പിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. വനാതിര്‍ത്തിയില്‍ ആന മതില്‍ നിര്‍മാണം രണ്ട് വര്‍ഷം മുന്‍പ് തുടങ്ങിയെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. സംഭവത്തില്‍ സര്‍ക്കാര്‍ നിസ്സംഗരായി ഇരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു.
അതേസമയം ആന മതില്‍ നിര്‍മാണം നീണ്ടുപോയതടക്കം വന്യമൃഗശല്യത്തിന് കാരണമായിട്ടുണ്ടെന്നും വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.