യുഎസ് വിസ പ്രശ്നങ്ങള്‍ നേരിടുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയില്‍ പഠനം തുടരാം; പുതിയ പദ്ധതി അവതരിപ്പിച്ച് ഹാര്‍വാര്‍ഡ്, ടൊറന്റോ സര്‍വകലാശാലകള്‍

ന്യൂയോര്‍ക്ക് : യുഎസ് വിസ പ്രശ്നങ്ങള്‍ നേരിടുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി ഒരു കണ്ടിജന്‍സി പ്ലാന്‍ അവതരിപ്പിച്ച് ടൊറന്റോ, ഹാര്‍വാര്‍ഡ് സര്‍വകലാശാലകള്‍. പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ നയങ്ങളെ തുടര്‍ന്നുള്ള അനിശ്ചിതത്വത്തിനിടയിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുത്തവരെ കാനഡയില്‍ പഠനം തുടരാന്‍ സഹായിക്കും.

വിസ അല്ലെങ്കില്‍ യാത്രാ നിയന്ത്രണങ്ങള്‍ കാരണം യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് മടങ്ങാന്‍ കഴിയാത്ത ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ജോണ്‍ എഫ്. കെന്നഡി സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റിലെ(HKS) വിദ്യാര്‍ത്ഥികള്‍ക്ക് ടൊറന്റോ സര്‍വകലാശാലയിലെ മങ്ക് സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ അഫയേഴ്സ് ആന്‍ഡ് പബ്ലിക്ക് പോളിസിയില്‍ വിസിറ്റിംഗ് സ്റ്റുഡന്റ് പ്രോഗ്രാമിലൂടെ പഠനം തുടരാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും. കെന്നഡി സ്‌കൂളിലെ പകുതിയിലധികവും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണെന്ന് ഹാര്‍വാര്‍ഡിന്റെ മീഡിയ ഓഫീസ് അറിയിച്ചു. 92 രാജ്യങ്ങളില്‍ നിന്നുള്ള 739 വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ആഗോള യാത്രാ പ്രശ്നങ്ങള്‍ക്കിടയിലും അക്കാദമിക് തുടര്‍ച്ച ഉറപ്പാക്കുക എന്നതാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. ഈ നീക്കം വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉയര്‍ന്ന ഡിമാന്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ അത് അനുവദിക്കൂ. ‘കണ്ടിജന്‍സി പ്ലാനുകള്‍ നടപ്പിലാക്കുന്നതിലൂടെ, ഈ വര്‍ഷം ഞങ്ങളുടെ കാമ്പസില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും, ഞങ്ങളുടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലോകോത്തര പൊതുനയ വിദ്യാഭ്യാസം നല്‍കുന്നത് ഹാര്‍വാഡിന് തുടരാന്‍ കഴിയും,’ ഡീന്‍ ജെറമി വെയ്ന്‍സ്‌റ്റൈന്‍ വിശദീകരിച്ചു.

ഹാര്‍വാര്‍ഡിന്റെ യുഎസ് കാമ്പസില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പഠിച്ച അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പദ്ധതി പ്രയോജനപ്പെടുത്താനാകുക. ഹാര്‍വാര്‍ഡിന്റെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അടുത്തിടെ നടപടി സ്വീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശം. ഒരു ഫെഡറല്‍ ജഡ്ജി ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം തടഞ്ഞെങ്കിലും, നിലവിലെ യുഎസ് ഭരണകൂടത്തില്‍ വിദ്യാര്‍ത്ഥി വിസകളുടെ സ്ഥിരതയെക്കുറിച്ച് ആശങ്കയുണ്ട്.

More Stories from this section

family-dental
witywide