
ന്യൂഡല്‍ഹി: ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്കുള്ള എല്ലാ പുതിയ ഫെഡറല്‍ റിസേര്‍ച്ച് ഗ്രാന്റുകള്‍ നിര്‍ത്തിവെച്ച ട്രംപ് ഭരണകൂടത്തിന് മറുപടിയുമായി സര്‍വകലാശാല അധികൃതര്‍. ‘ഗവേഷണം സ്തംഭിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമവിരുദ്ധമായ സര്‍ക്കാര്‍ അതിക്രമങ്ങളെ’ തുടര്‍ന്നും എതിര്‍ക്കുമെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാല അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ചില കാമ്പസുകളില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ ആരംഭിച്ചതിനുശേഷം, ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്കെതിരെ സ്വീകരിച്ചത് നടപടികളുടെ ഒരു പരമ്പര തന്നെയായിരുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതായിരുന്നു റിസേര്‍ച്ച് ഗ്രാന്റുകള്‍ നിര്‍ത്തിവെച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടി.
യുഎസ് വിദ്യാഭ്യാസ സെക്രട്ടറി ലിന്‍ഡ മക്മഹോണ്‍, ഹാര്‍വാര്‍ഡ് പ്രസിഡന്റിന് അയച്ച കത്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും, സര്‍വകലാശാല ‘ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്ന് ഗ്രാന്റുകള്‍ ഇനി ആവശ്യപ്പെടരുതെന്നും അതിന്‍ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലെന്നും പറഞ്ഞിരുന്നു. ഹാര്‍വാര്‍ഡ് ‘നിയമപരമായ ബാധ്യതകള്‍, ധാര്‍മ്മികവും വിശ്വാസപരവുമായ കടമകള്‍, സുതാര്യത ഉത്തരവാദിത്തങ്ങള്‍ എന്നിവ പാലിക്കുന്നതില്‍ പരാജയപ്പെട്ടു എന്നും അവര്‍ ആരോപിച്ചിരുന്നു.
ഫെഡറല്‍ ഗ്രാന്റുകള്‍ നിര്‍ത്തുന്നത് ‘അഭൂതപൂര്‍വവും അനുചിതവുമായ നിയന്ത്രണം’ ഏര്‍പ്പെടുത്തുമെന്നും ഹാര്‍വാര്‍ഡ് നിയമം പാലിക്കുന്നത് തുടരുമെന്നും സര്‍വകലാശാല ഒരു പ്രസ്താവനയില്‍ വിമര്‍ശിച്ചു. കാഴ്ചപ്പാടുകളുടെ വൈവിധ്യത്തോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ലോകത്തിലെ ഉയര്‍ന്ന റാങ്കുള്ള സര്‍വകലാശാലകളില്‍ ഒന്നായ ഹാര്‍വാര്‍ഡ്, ഏപ്രില്‍ 21-ന് 2.2 ബില്യണ്‍ ഡോളറിലധികം ഗ്രാന്റുകള്‍ മരവിപ്പിച്ചതിനെതിരെ നല്‍കിയ കേസിനുള്ള പ്രതികാരമായാണ് ട്രംപിന്റെ പുതിയ ഈ നീക്കമെന്ന് വിമര്‍ശിച്ചു.