വോട്ട് ചോരി: രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ വിശദമായ മറുപടി ഉടനെയെന്ന് ഹരിയാന തിരഞ്ഞെടുപ്പ് ഓഫീസർ

ഹരിയാനയിലെ വോട്ട് ക്രമക്കേടിൽ രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ പ്രതികരണവുമായി തിരഞ്ഞെടുപ്പ് ഓഫീസർ. നിലവിൽ കമ്മീഷന് മുന്നിൽ രാഹുലിൻ്റെ രണ്ടു പരാതികളുണ്ട്. രാഹുലിന്റെ ആരോപണങ്ങളിൽ വിശദമായ മറുപടി ഉടൻ ഉണ്ടാകുമെന്നും ഹരിയാന തെരഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചു. ഇന്ന് നടത്തിയ വാർത്ത സമ്മേളനത്തിൽ ഹരിയാനയിലെ വോട്ടുകൊള്ളയുടെ വിവരങ്ങളാണ് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ടത്.

ഹരിയാനയിൽ 25 ലക്ഷം കള്ളവോട്ടിലൂടെ നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയ്ക്കുമെതിരെ രാഹുലിൻ്റെ ആരോപണം. സംസ്ഥാനം പൂർണമായും തട്ടിയെടുത്തതിന്റെ കഥയാണ് ഹരിയാനയിലേതെന്ന് രാഹുൽ പറഞ്ഞു. തിരഞ്ഞെടുപ്പ് ജയിക്കാൻ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പരാമർശവും രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിന് ഇതാണോ ആറ്റം ബോംബെന്ന് പരിഹസിച്ച് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു രംഗത്തുവന്നു. പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ചീത്ത വിളിക്കുകയാണെന്നും വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് പരാതി നൽകാതെ രാഹുൽ ഗാന്ധി കരയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുൽ നയിച്ചാൽ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറയുകയാണ്. തെരഞ്ഞെടുപ്പിൽ ബിജെപി കഠിനമായി പരിശ്രമിക്കുന്നതിനാലാണ് വിജയിക്കുന്നത്. പോളിങ് ബൂത്തിൽ ഏജൻ്റുമാരും നിരീക്ഷകരും ഉണ്ടാകുമെന്നും ഇവർ നടപടികൾ നിരന്തരം പരിശോധിക്കുന്നതാണെന്നും കിരണ്‍ റിജിജു കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide