
കോട്ടയം : ചാനല്‍ ചര്‍ച്ചയ്ക്കിടെ മത വിദ്വേഷ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ പി.സി ജോര്‍ജ് ഇന്ന് ഹാജരാകും. രാവിലെ പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ ഈരാറ്റുപേട്ട ഇന്‍സ്‌പെക്ടര്‍ക്ക് മുന്നിലാണ് ഹാജരാവുക. ബി ജെ പി പ്രവര്‍ത്തകര്‍ക്കൊപ്പമാകും പി സി ജോര്‍ജ് പൊലീസ് സ്റ്റേഷനിലെത്തുക.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയിരുന്നു.
കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാന്‍ രണ്ട് ദിവസത്തെ സാവകാശം തേടിയിരുന്നു. ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്.
ശനിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കാന്‍ ഡിവൈഎസ്പി വീട്ടില്‍ എത്തിയെങ്കിലും പി.സി ജോര്‍ജ് ഇല്ലാത്തതിനാല്‍ പൊലീസ് മടങ്ങിപ്പോയി. ഇതിന് പിന്നാലെയാണ് ഇന്ന് ഹാജരാകാം എന്ന് കാണിച്ച് പി.സി ജോര്‍ജ് കത്ത് നല്‍കിയത്. പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് മകന്‍ ഷോണ്‍ ജോര്‍ജും അറിയിച്ചിരുന്നു.