“അവൻ ചോദിച്ചു, ഞങ്ങൾ സമ്മതിച്ചു”: ട്രംപ്– മംദാനി കൂടിക്കാഴ്ച വെള്ളിയാഴ്ച്ച

ന്യൂയോർക്കിന്റെ മേയറായി തെരഞ്ഞെടുത്ത സോഹ്റാൻ മംദാനിയുമായി വെള്ളിയാഴ്ച്ച (നവംബർ 21) വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. “ന്യൂയോർക്കിന്റെ കമ്മ്യൂണിസ്റ്റ് മേയർ സോഹ്റാൻ മംദാനി ഒരു കൂടിക്കാഴ്ച ആവശ്യപ്പെട്ടു. അത് നവംബർ 21-ാം തീയതി ഒവൽ ഓഫീസിൽ നടക്കാൻ ഞങ്ങൾ സമ്മതിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട്!” എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.മാസങ്ങളായുള്ള പരസ്യ സംഘർഷങ്ങൾക്കുശേഷമാണ് ഇരുവരും ഒരുമിച്ച് കൂടിക്കാഴ്ച നടത്തുന്നത്.

മംദാനിയുടെ സംഘം കഴിഞ്ഞ ആഴ്ച തന്നെ വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടിരുന്നു. ന്യൂയോർക്കിലെ ജീവിതച്ചെലവ് പ്രതിസന്ധി സംബന്ധിച്ച ചർച്ചയ്ക്കാണ് അവരുടെ ശ്രമം. ഇതിലൂടെ അദ്ദേഹത്തിന്റെ സമീപനത്തിൽ ഒരു മാറ്റം കാണാമെന്നാണ് വിലയിരുത്തലെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് മംദാനി ട്രംപിനെ “ജനാധിപത്യത്തിന് ഭീഷണി” എന്നു വിളിച്ചിരുന്നു. മറുവശത്ത് ട്രംപ് മംദാനിയെ “100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ” എന്നും വിശേഷിപ്പിച്ചു, കൂടാതെ അദ്ദേഹത്തിന്റെ എതിരാളിയായ ആൻഡ്രൂ എം. കുവോമോവിനെയാണ് ട്രംപ് പിന്തുണച്ചത്. എന്നാലും, ന്യൂയോർക്ക് ടൈംസിനോട് മംദാനി പറഞ്ഞത്, ന്യൂയോർക്കിലെ ഉയർന്ന ജീവിതച്ചെലവിനെക്കുറിച്ച് ചർച്ച ചെയ്യാൻ ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് താൻ തയ്യാറാണ് എന്നാണ് .

ആഹാര സാധനങ്ങളും വാടകയും ഉയർന്നതോടെ സാധാരണക്കാർ നഗരത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.“8.5 മില്യൺ ന്യൂയോർക്കുകാർക്ക് ഉപയോഗമാകുന്നിടത്തോളം ഞാൻ ആരോടും സഹകരിക്കാൻ തയ്യാറാണ് എന്നാണ് ദി ഗാർഡിയനോട് സംസാരിച്ചപ്പോൾ മംദാനി പറഞ്ഞത്. ട്രംപിനോട് എന്താണ് പറയാൻ പോകുന്നതെന്ന് ചോദിച്ചപ്പോൾ, “ഈ നഗരത്തെ വീടായി വിളിക്കുന്ന എല്ലാവരുടെയും നേട്ടത്തിനായി ഞാൻ പരിശ്രമിക്കുമെന്നും സഹകരണമുണ്ടാവാം, പക്ഷേ ന്യൂയോർക്ക് കാർക്ക് ഹാനികരമായ ഒന്നാണെങ്കിൽ ഞാൻ അതിനെ എതിർക്കുമെന്നും മംദാനി മറുപടി നൽകി.

2026 ജനുവരി 1ന് ഔദ്യോഗികമായി അധികാരമേൽക്കാനൊരുങ്ങുന്ന മംദാനി വൈറ്റ് ഹൗസുമായുള്ള ബന്ധം “നഗരത്തിന്റെ വിജയത്തിന് നിർണായകം” ആണെന്നും പറഞ്ഞിട്ടുണ്ട്. അതേസമയം, ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടിക്കാഴ്ചയ്ക്ക് വലിയ സംഘർഷ സാധ്യതയുണ്ട്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം, പ്രസിഡന്റ് നാഷണൽ ഗാർഡിനെ ന്യൂയോർക്കിലേക്കയക്കാമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് നഗര നേതൃത്വം ഫെഡറൽ സർക്കാരുമായുള്ള വഴക്കുകൾക്കായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

കുടിയേറ്റക്കാരെ തടങ്കലിൽ വയ്ക്കാൻ സ്റ്റാറ്റൻ ഐലൻഡിലെ കോസ്റ്റ് ഗാർഡ് കേന്ദ്രം ഉപയോഗിക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. ട്രംപ് ഇതിനകം തന്നെ ഫെഡറൽ സഹായമായി നൽകേണ്ട ബില്ല്യൺകളുടെ തുക തടഞ്ഞുവെച്ചിട്ടുമുണ്ട്. ഇരുവരും കൂടിക്കാഴ്ചയ്ക്കായി ഒരുങ്ങുമ്പോൾ, സഹകരിക്കാനാവുന്നിടത്തോളം താൻ തുറന്ന മനസ്സോടെ സമീപിക്കുമെന്ന്, പക്ഷേ ന്യൂയോർക്കിനു ഹാനികരമായ ഒന്നും അനുവദിക്കില്ലെന്നും മംദാനി ആവർത്തിക്കുകയാണ് .

“He asked, we agreed”: Trump-Mamdani meeting on Friday

More Stories from this section

family-dental
witywide