ചിലന്തിവലപോലെ റഷ്യക്കുള്ള പണി നെയ്തുകൂട്ടിയ യുക്രെയ്ന്‍, എന്താണ് ലോകത്തെയാകെ ഞെട്ടിച്ച യുക്രെയ്നിന്റെ സ്പൈഡേഴ്സ് വെബ്

സെലെന്‍സ്‌കിയെ പുടിന്‍ കീഴടക്കാന്‍ പോകുകയാണെന്ന പരക്കെയുള്ള ധാരണ ശക്തിയാര്‍ജ്ജിച്ച് വരുമ്പോഴായിരുന്നു ഞായറാഴ്ച അത് സംഭവിച്ചത്. തികച്ചും അപ്രതീക്ഷിതമായ ഒന്ന്. റഷ്യയില്‍ നിന്നുതന്നെ റഷ്യക്കുള്ളില്‍ യുക്രെയ്‌ന്റെ മാരക ഡ്രോണ്‍ ആക്രമണം. യുക്രെയ്ന്‍ റഷ്യയെ മാത്രമല്ല, ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ടാണ് ആക്രമണം അഴിച്ചുവിട്ടത്.

റഷ്യയ്ക്കെതിരായ യുക്രെയ്നിന്റെ ആക്രമണമായ ഓപ്പറേഷന്‍ സ്പൈഡേഴ്സ് വെബ്, ലോകമെമ്പാടും ഒരു വലിയ ചാരവൃത്തി വിജയഗാഥയായി വാഴ്ത്തപ്പെടുന്നു. ഹിസ്ബുള്ള നേതാക്കള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണങ്ങളുമായും ഇതിനെ താരതമ്യം ചെയ്യുന്നവരുണ്ട്. കിഴക്കന്‍ സൈബീരിയ മുതല്‍ പടിഞ്ഞാറന്‍ അതിര്‍ത്തി വരെയുള്ള റഷ്യയിലുടനീളമുള്ള അഞ്ച് സുപ്രധാന വ്യോമതാവളങ്ങളെയാണ് യുക്രെയ്ന്‍ തന്ത്രപരമായി ലക്ഷ്യം വച്ചത്. ഈ ആക്രമണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പതിയെ പുറത്തുവന്നുതുടങ്ങിയിട്ടുണ്ട്.

റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷമേഖലയില്‍നിന്ന് അകലെ സൈബീരിയയിലെ ബെലായ വ്യോമതാവളവും പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍നിന്ന് അകലെയുള്ള ഓലെന്യ വ്യോമതാവളവുമാണ് ഓപ്പറേഷന്‍ ‘സ്‌പൈഡേഴ്‌സ് വെബ്’ എന്നു പേരിട്ട ദൗത്യത്തില്‍ യുക്രെയ്ന്‍ സെക്യൂരിറ്റി സര്‍വീസിന്റെ (എസ്ബിയു) ആക്രമണത്തിന് ഇരയായത്.

റഷ്യയുടെ ആര്‍ട്ടിക് മേഖലയായ മര്‍മാന്‍സ്‌കില്‍ നിന്ന് 90 കിലോമീറ്റര്‍ തെക്ക് സ്ഥിതി ചെയ്യുന്ന ഒലെന്യ എയര്‍ ബേസ് ആയിരുന്നു യുക്രെയ്‌ന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്ന് 3,000 കിലോമീറ്ററിലധികം അകലെയാണ് ഇത്. ഇവിടെ നടത്തിയ ആക്രമണത്തില്‍ നിരവധി റഷ്യന്‍ ലോംഗ് റേഞ്ച് ബോംബര്‍ വിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും വ്യോമതാവളത്തില്‍ നശിപ്പിക്കപ്പെട്ടു.

കീവില്‍ നിന്ന് 4,400 കിലോമീറ്റര്‍ അകലെയുള്ള റഷ്യയുടെ പ്രധാനപ്പെട്ട ബെലയ വ്യോമതാവളമായിരുന്നു മറ്റൊരു ലക്ഷ്യം. റഷ്യയിലെ ഇര്‍കുട്സ്‌ക് മേഖലയിലെ ഒരു പ്രധാന സൈനിക വ്യോമതാവളമായ ബെലയ, 444-ാമത്തെയും 200-ാമത്തെയും ഹെവി ബോംബര്‍ ഏവിയേഷന്‍ റെജിമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നു. സൈബീരിയയിലെ സ്രെഡ്നിയിലെ ബെലയ സൈനിക താവളത്തെ ആക്രമിച്ച ഡ്രോണുകള്‍ ഒരു ട്രക്കില്‍ നിന്നാണ് വിക്ഷേപിച്ചതെന്ന് ഇര്‍കുട്സ്‌ക് ഗവര്‍ണര്‍ ഇഗോര്‍ കോബ്സെവ് സ്ഥിരീകരിച്ചു. വ്യോമതാവളങ്ങളുടെ തൊട്ടടുത്തു നിന്നാണ് ഡ്രോണ്‍ ആക്രമണം നടത്തിയതെന്നത് റഷ്യയെ ഞെട്ടിച്ചു. റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ശേഷിയും ഇതോടെ സംശയത്തിലായി.

അത്യുജ്വല’ ഓപ്പറേഷന്‍ എന്നാണ് സുരക്ഷാസേന നടത്തിയ ആക്രമണത്തെ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി വിശേഷിപ്പിച്ചത്. റഷ്യയ്ക്ക് 700 കോടിയോളം ഡോളറിന്റെ നാശനഷ്ടമുണ്ടായെന്നും റഷ്യ എല്ലാ അര്‍ഥത്തിലും ഇത്തരത്തില്‍ ഒരു ആക്രമണം അര്‍ഹിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

117 ഡ്രോണുകളും ഓപ്പറേറ്റര്‍മാരും ഉള്‍പ്പെട്ട ആസൂത്രിത നീക്കമായിരുന്നു നടത്തിയതെന്ന് യുക്രേനിയന്‍ പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ചു. വ്യോമതാവളങ്ങള്‍ ലക്ഷ്യംവച്ച് യുക്രെയ്ന്‍ അയച്ച ഡ്രോണുകള്‍ റഷ്യയുടെ 34 ശതമാനത്തോളം ക്രൂസ് മിസൈലുകള്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടതായാണ് യുക്രെയ്ന്‍ അറിയിച്ചത്.

ആക്രമണത്തിന് ഉപയോഗിച്ച എഫ്പിവി (ഫസ്റ്റ് പഴ്‌സന്‍ വ്യൂ) ഡ്രോണുകള്‍ നേരത്തേതന്നെ റഷ്യയിലേക്കു കടത്തിയിരുന്നു. ഇവയിലുള്ള ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ ഗോഗിളിലൂടെ ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നയാള്‍ക്ക് കാണാനും ഡ്രോണിനെ നിയന്ത്രിക്കാനുമാകും. റഷ്യയില്‍ എത്തിച്ച ഡ്രോണുകള്‍ അവിടെ തയാറാക്കിയിരുന്ന ട്രക്കുകളുടെ കാബിന്റെ മേല്‍ക്കൂരയ്ക്കടിയില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചു. ആവശ്യ സമയത്ത് റിമോട്ടുകള്‍ ഉപയോഗിച്ച് കാബിനുകളുടെ മേല്‍ക്കൂര തുറക്കുകയും ഡ്രോണുകള്‍ പറന്നുയരുകയും ആക്രമണം നടത്തുകയുമായിരുന്നു.

More Stories from this section

family-dental
witywide