
ലണ്ടൻ: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വംശീയ പരാമര്‍ശങ്ങള്‍ നടത്തിയ ബ്രിട്ടീഷ് ആരോഗ്യ സഹമന്ത്രിയെ പുറത്താക്കി. അതിരുവിട്ട അഭിപ്രായം പറഞ്ഞ മന്ത്രി ആന്‍ഡ്രൂ ഗ്വിന്നിനെ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ ആണ് മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത്.
വംശീയ, ജൂതവിരുദ്ധ, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെയാണ് നടപടി. വിവിധ സന്ദേശങ്ങളാണ് ആന്‍ഡ്രൂ ഗ്വിൻ ഇത്തരത്തിൽ അയച്ചത്. തുടര്‍ന്ന് പരാമര്‍ശങ്ങള്‍ വാര്‍ത്തയായതിന് പിന്നാലെ ഗ്വിന്‍ ക്ഷമാപണം നടത്തിയിരുന്നു.സ്വന്തം മണ്ഡലത്തിലെ 72 വയസുള്ള വനിത പരാതിയുമായി സമീപിച്ചപ്പോള്‍ അവരെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
അടുത്ത തെരഞ്ഞെടുപ്പിനു മുന്‍പ് അവര്‍ തട്ടിപ്പോയാല്‍ മതിയായിരുന്നുവെന്നാണ് ലേബര്‍ കൗണ്‍സിലര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മന്ത്രി കമന്റിട്ടത്. ജൂതവംശജനായ വിദഗ്ധനെ ലേബര്‍ യോഗത്തിലേക്കു വിളിക്കണോ എന്നുള്ള ചര്‍ച്ച ഗ്രൂപ്പില്‍ നടന്നപ്പോള്‍ ക്ഷണിക്കേണ്ടെന്നും അദ്ദേഹം ഇസ്രയേല്‍ ചാര ഏജന്‍സിയായ മൊസാദിലെ അംഗമാണെന്ന് സംശയിക്കുന്നുവെന്നടക്കം ഗ്വിന്‍ പറഞ്ഞു. ലേബര്‍ പാര്‍ട്ടിയുടെ മുന്‍ നേതാവായ ജെറിമി കോര്‍ബിന്‍റെ വിശ്വസ്തനാണ് ഗ്വിന്‍.