സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടത്തിൻ്റെ ഒരു ഭാഗം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ജീവൻ നഷ്ടമായ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദർശിച്ചു. ബിന്ദുവിന്റെ മാതാവാണ് ആദ്യം കാര്യങ്ങള്‍ മന്ത്രിയോട് സംസാരിച്ചത്. മന്ത്രിയെ കെട്ടിപ്പിടിച്ച് ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മി കരഞ്ഞപ്പോൾ മന്ത്രിയും വിതുമ്പി. അമ്മ ബിന്ദുവിന്റെ അസാന്നിധ്യം കുടുംബത്തിനുണ്ടാക്കിയ ആഘാതം സംബന്ധിച്ച് പറഞ്ഞപ്പോള്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് നേതാക്കള്‍ പറഞ്ഞു.

ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനും കാര്യങ്ങള്‍ വിശദീകരിച്ചു. സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തണം. കുടുംബത്തിന്റെ അത്താണിയെയാണ് നഷ്ടപ്പെട്ടത്. മകന് അവന്‍ പഠിച്ച കോഴ്‌സുമായി ബന്ധപ്പെട്ട് സ്ഥിരം ജോലി നല്‍കണം. മുഖ്യമന്ത്രിയുമായി സംസാരിച്ച് ഇക്കാര്യത്തില്‍ നടപടിയെടുക്കണം. മുഖ്യമന്ത്രി തങ്ങളോട് അനുകൂല സമീപനമാണ് സ്വീകരിക്കുന്നതെന്നും വിശ്രുതന്‍ പറഞ്ഞു.

ബിന്ദുവിന്റെ മരണം ഹൃദയഭേദകമാണെന്ന് കുടുംബത്തെ സന്ദർശിച്ച ശേഷം മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിന്റെ ദുഃഖം തന്റെയും ദുഃഖമാണ്. സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തിനൊപ്പം പൂര്‍ണമായും ഉണ്ടാകും. മുഖ്യമന്ത്രി കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഉചിതമായ തീരുമാനം ഉണ്ടാകും. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ വീട് നവീകരിക്കാനുള്ള എല്ലാ സഹായവും നല്‍കുമെന്ന് നേതാക്കൾ അറിയിച്ചു.

മന്ത്രി നേരത്തേ വരാത്തതില്‍ പരിഭവമില്ല. ചില സാങ്കേതിക തടസ്സങ്ങള്‍ മൂലമാണ് മന്ത്രി വരാന്‍ വൈകിയത്. ഇക്കാര്യം നേരത്തേ വിളിച്ചപ്പോഴും മന്ത്രി പറഞ്ഞിരുന്നു. മന്ത്രി വന്നതില്‍ കുടുംബത്തിന് സന്തോഷമുണ്ട്. മകന്റെ ജോലിക്കാര്യം അടക്കം മന്ത്രിയോട് പറഞ്ഞു. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നാണ് കരുതുന്നതെന്നും വിശ്രുതന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദാരുണമായ സംഭവം നടന്നത്. മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ വാര്‍ഡിന് സമീപത്തെ ശുചിമുറിയുടെ ഭാഗം തകര്‍ന്നുവീണാണ് ബിന്ദു മരിച്ചത്.

More Stories from this section

family-dental
witywide