കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഈ വഴികൾ പരീക്ഷിക്കാം…ഹൃദയം പിണങ്ങാതിരിക്കട്ടെ !

രാവിലെ ഉണര്‍ന്നതിനു പിന്നാലെ നമ്മുടെ ഹൃദയത്തെ ഒട്ടും ശ്രദ്ധിക്കാതെയുള്ള ഓട്ടപ്പാച്ചിലിലാകും പലരും. എന്നാല്‍, പ്രഭാതങ്ങള്‍ ഹൃദയാഘാതത്തിന് ഉയര്‍ന്ന സാധ്യതയുള്ള സമയമാണെന്നും അതീവ ശ്രദ്ധ വേണ്ട സമയമാണെന്നും ഹൃദയാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഉണരുമ്പോള്‍, ‘സ്‌ട്രെസ് ഹോര്‍മോണ്‍’ എന്ന് വിളിക്കപ്പെടുന്ന കോര്‍ട്ടിസോളിന്റെ അളവ് ശരീരത്തില്‍ കൂടുതലായിരിക്കും. ഈ അളവ് എത്ര കൂടുന്നോ അത്രയും കൂടുതലായിരിക്കും ഹൃദയം പണിമുടക്കാനുള്ള സാധ്യതയും. ഇതു മൂലം രക്ത സമ്മര്‍ദം പെട്ടെന്ന് കുതിച്ചു കയറുകയും ഇത് ഹൃദായാഘതത്തിലേക്ക് നയിക്കുകയും ചെയ്യാം. ഹൃദയാഘാതവും പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളും ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കാണുന്നത് രാവിലെ 7 നും 11 നും ഇടയിലാണെന്ന് ചില പഠനങ്ങളില്‍ പറയുന്നു. വൈകുന്നേരം 5 മുതല്‍ 6 വരെയും ഇതിനുള്ള സാധ്യത ചെറുതല്ല.

ആരോഗ്യകരമായ ഒരു പ്രഭാത ദിനചര്യയിലൂടെ ദിവസം മുഴുവന്‍ പോസിറ്റീവായിരിക്കാന്‍ കഴിയും. ദിവസവും വെറും വയറ്റില്‍ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുക. ഇത് കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിക്കാനും ശരീരത്തില്‍ ജലാംശം നല്‍കാനും സഹായിക്കും. ഉറക്കമുണര്‍ന്നതിന് ശേഷമുള്ള ആദ്യ മണിക്കൂറില്‍ കഫീന്‍ ഒഴിവാക്കുക. കഫീന് സമ്മര്‍ദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്നു. രാവിലെ ‘എന്തെങ്കിലും’ കഴിക്കുന്നതിന് പകരം, പ്രോട്ടീന്‍ അടങ്ങിയ പ്രഭാതഭക്ഷണം ഉറപ്പായും ശീലമാക്കണം. ഭക്ഷണ ശേഷം ഗ്യാസിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ 10-15 മിനിറ്റ് നടക്കുകയോ, നേരിയ ചലനം വരുന്ന രീതിയില്‍ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയോ ആവാം. കോര്‍ട്ടിസോള്‍ ഉല്‍പ്പാദനം നിയന്ത്രിക്കുന്നതില്‍ വൈറ്റമിന്‍ ഡി നിര്‍ണായക പങ്ക് വഹിക്കുന്നതിനാല്‍ വിറ്റാമിന്‍ ഡി സപ്ലിമെന്റ് കഴിക്കുക. പ്രഭാതത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ച് സ്വയം ഉണര്‍വ്വിലേക്ക് എത്തിയാല്‍ മാത്രമേ, ഹൃദയം ഉണര്‍ന്ന് പ്രവര്‍ത്തിക്കൂ എന്ന് ഹൃദായാരോഗ്യ വിദഗ്ധര്‍ പറയുന്നു.

More Stories from this section

family-dental
witywide