
ഹൈദരാബാദ്: അമേരിക്കയിൽ ഉന്നത പഠനത്തിനെത്തിയ ചന്ദ്രശേഖർ പോൾ വെടിയേറ്റ് മരിച്ചെന്ന വാർത്തയുടെ നടുക്കത്തിലാണ് ജന്മനാടായ ഹൈദരാബാദ്. 27 വയസ്സുകാരനായ ചന്ദ്രശേഖർ പോൾ യു എസിലെ ഡാളസിലാണ് വെടിയേറ്റ് മരിച്ചത്. മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം നാട് ഒന്നാകെ തേങ്ങുകയാണ്. സംഭവമറിഞ്ഞ് ചന്ദ്രശേഖറിന്‍റെ വീട്ടിലെത്തിയ രാഷ്ട്രീയ നേതാക്കളുടെ അവസ്ഥയും മറിച്ചല്ല. ബി ആർ എസ് എം എൽ എ സുധീർ റെഡ്ഡിയും മുൻ മന്ത്രി ടി ഹരീഷ് റാവുവും ഹൈദരാബാദിലെ ചന്ദ്രശേഖറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഈ ദുരന്തത്തെ ‘ഹൃദയഭേദകം’ എന്ന് വിശേഷിപ്പിച്ച ഹരീഷ് റാവു, സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് നാടിന്‍റെ ഒന്നാകെയുള്ള വികാരമാണ് പ്രതിഫലിപ്പിക്കുന്നത്. ‘വലിയ നേട്ടങ്ങൾ സ്വന്തമാക്കുമെന്ന് സ്വപ്നം കണ്ട മകൻ ഇനി ഇല്ല’ എന്നറിഞ്ഞ മാതാപിതാക്കൾ അനുഭവിക്കുന്ന വേദന അത്രമേൽ ഹൃദയം തകർക്കുന്നതാണെന്നാണ് ഹരീഷ് റാവു കുറിച്ചത്.
ബിആർഎസിന്റെ ഭാഗത്തുനിന്ന് കുടുംബത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത അദ്ദേഹം, ചന്ദ്രശേഖറിന്റെ മൃതദേഹം എത്രയും വേഗം ഹൈദരാബാദിലേക്ക് കൊണ്ടുവരാൻ സർക്കാർ ശ്രമങ്ങൾ ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് എം എൽ എ സുധീറും ആവശ്യപ്പെട്ടു. ചന്ദ്രശേഖറിന്റെ കുടുംബവും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ സർക്കാർ സഹായം തേടിയിട്ടുണ്ട്.
ഹൈദരാബാദിൽ നിന്ന് ദന്തിസ്റ്റായി ബിരുദം നേടിയ ചന്ദ്രശേഖർ, 2023 ലാണ് ഉന്നത പഠനത്തിനായി അമേരിക്കയിലെത്തിയത്. ആറ് മാസം മുമ്പ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ചന്ദ്രശേഖർ, മുഴുവൻ സമയ ജോലിക്കായി ശ്രമിക്കുന്നതിനിടെ ഒരു ഗ്യാസ് സ്റ്റേഷനിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ രാത്രി അജ്ഞാതനായ ഒരു തോക്കുധാരി വെടിവെച്ചു കൊലപ്പെടുത്തിയത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.