ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് ; 100 വിമാനങ്ങൾ റദ്ദാക്കി, 300 എണ്ണം വൈകി, ട്രെയിൻ സർവീസുകളെയും സാരമായി ബാധിച്ചു, ‘ഓറഞ്ച്’ അലേർട്ട്

ന്യൂഡൽഹി: തിങ്കളാഴ്‌ച രാവിലെ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത പുകമഞ്ഞ് നിറഞ്ഞതോടെ വിമാന, ട്രെയിൻ സർവീസുകളെ സാരമായി ബാധിച്ചു. പുകമഞ്ഞ് കനത്തതോടെ കാഴ്ചപരിധിയിൽ കുറഞ്ഞതോടെയാണ് വിമാന, ട്രെയിൻ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടത്. ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം ഇന്നും ‘ഗുരുതര’ വിഭാഗത്തിൽ തന്നെ തുടരുകയാണ്. കാലാവസ്ഥാ വകുപ്പ് ‘ഓറഞ്ച്’ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഡൽഹിയിലെ അക്ഷർധാമിൽ പുകമഞ്ഞിൻ്റെ കട്ടിയുള്ള പാളി ദൃശ്യമാകുന്ന വീഡിയോകൾ സമൂഹമാധ്യമത്തിൽ എത്തിയിട്ടുണ്ട്. കുറഞ്ഞത് 100 വിമാനങ്ങളെങ്കിലും റദ്ദാക്കപ്പെട്ടു, ഡൽഹി വിമാനത്താവളത്തിൽ 300 ലധികം വിമാനങ്ങൾ വൈകിയെന്ന് ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഫ്ളൈറ്റ് റഡാർ 24 റിപ്പോർട്ട് ചെയ്യുന്നു. “കട്ടിയായ മൂടൽമഞ്ഞ് കാരണം, വിമാന പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടായേക്കാം. യാത്രക്കാർക്കുള്ള അസൗകര്യം കുറയ്ക്കുന്നതിന് എല്ലാ പങ്കാളികളുമായും ഞങ്ങൾ അടുത്ത് പ്രവർത്തിക്കുന്നു. ഏറ്റവും പുതിയ ഫ്ലൈറ്റ് അപ്‌ഡേറ്റുകൾക്കായി, യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെടാൻ നിർദ്ദേശിക്കുന്നു. ഉണ്ടായ ഏതെങ്കിലും അസൗകര്യത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു,” ഡൽഹി വിമാനത്താവളം എക്സിലെ ഒരു പോസ്റ്റിലൂടെ അറിയിച്ചു.

എയർഇന്ത്യയും ഇൻഡിഗോയുമടക്കം യാത്രക്കാർക്കായി പ്രത്യേക നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) വെബ്‌സൈറ്റിൽ ലഭ്യമായ ഡാറ്റ പ്രകാരം, ദേശീയ തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക (എക്യുഐ) രാവിലെ 6 മണിക്ക് 456 ആയിരുന്നു. ഇത് സീസണിലെ രണ്ടാമത്തെ ഏറ്റവും മോശം വായു ഗുണനിലവാര സൂചികയായി മാറിയിട്ടുണ്ട്. ഞായറാഴ്ച ഇത് 461 ആയിരുന്നു.

പൂജ്യത്തിനും 50 നും ഇടയിലുള്ള AQI ‘നല്ലത്’ എന്നും, 51 നും 100 നും ഇടയിലുള്ളത് ‘തൃപ്തികരം’ എന്നും, 101 നും 200 നും ഇടയിലുള്ളത് ‘മിതമായത്’ എന്നും, 201 നും 300 നും ഇടയിലുള്ളത് ‘മോശം’ എന്നും, 301 നും 400 നും ഇടയിലുള്ളത് ‘വളരെ മോശം’ എന്നും, 401 നും 500 നും ഇടയിലുള്ളത് ‘ഗുരുതരം’ എന്നും കണക്കാക്കുന്നു.

ഡൽഹിയിൽ എത്തുന്നതും പുറപ്പെടുന്നതുമായ 90-ലധികം ട്രെയിനുകൾ ദൃശ്യപരത കുറവായതിനാൽ ആറ് മുതൽ ഏഴ് മണിക്കൂർ വരെ വൈകി. പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങൾ കാരണം മലിനീകരണ തോത് കുത്തനെ ഉയർന്നതിനെത്തുടർന്ന് ഡൽഹി-എൻസിആറിലെ എല്ലാ നിർമ്മാണ, പൊളിക്കൽ പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. കൂടാതെ, സർക്കാർ, സ്വകാര്യ ഓഫീസുകളിലെ 50 ശതമാനം ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഡൽഹി സർക്കാർ നിർദ്ദേശിച്ചു, അതേസമയം 11-ാം ക്ലാസ് വരെയുള്ള എല്ലാ സ്‌കൂളുകളും (10-ാം ക്ലാസ് ഒഴികെ) ഓൺലൈൻ ക്ലാസുകൾ നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.

Heavy fog in Delhi; 100 flights cancelled, 300 delayed, train services also severely affected.

More Stories from this section

family-dental
witywide