ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 118 വിമാന സർവീസുകൾ റദ്ദാക്കി. ഡൽഹിയിലേക്കുള്ള 60 വിമാനങ്ങൾ റദ്ദാക്കുകയും 16 വിമാനങ്ങൾ വഴി തിരിച്ചുവിടുകയും ചെയ്‌തിട്ടുണ്ട്. 200ഓളം ഫ്ലൈറ്റുകൾ വൈകുന്നതായും ഇന്ദിരഗാന്ധി രാജ്യാന്തര വിമാനത്താവളം അധികൃതർ അറിയിച്ചു. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ കാഴ്‌ചപരിധി തീർത്തും മോശമാണെന്ന് കാലാവസ്ഥാ വകുപ്പും വ്യക്തമാക്കുന്നു.
അതേസമയം, വടക്കേ ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കാർ എയർലൈനുകളുടെ വെബ്സൈറ്റുകൾ നിരന്തരം പരിശോധിക്കണമെന്നും മോശം കാലാവസ്ഥയെ തുടർന്ന് വിമാനത്തിൻറെ സമയത്തിൽ മാറ്റം സംഭവിക്കുകയോ, റദ്ദാക്കലോ ഉണ്ടാകമെന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. മൂടൽ മഞ്ഞ് വ്യോമഗതാഗതത്തെ ബാധിച്ചിട്ടുള്ളതിനാൽ സർവീസുകളിൽ തടസം നേരിടുന്നുണ്ടെന്ന് ഇൻഡിഗോയും എക്‌സിൽ കുറിച്ചു.
ഡൽഹി, അമൃത്സർ, ചണ്ഡീഗഡ്, ജമ്മു, കൊൽക്കത്ത, റാഞ്ചി, ഗുവാഹട്ടി, ഹിൻഡൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളെ മൂടൽമഞ്ഞ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മൂടൽമഞ്ഞിനെ തുടർന്ന് ഇന്നലെയും വിമാന സർവീസുകൾ തടസപ്പെട്ടിരുന്നു. 128 ഫ്ലൈറ്റുകളാണ് ഇന്നലെ ഡൽഹിയിൽ റദ്ദാക്കിയത്. ഉച്ചയ്ക്ക് മുൻപായി 200 ഫ്ലൈറ്റുകൾ വൈകുകയും ചെയ്തു. ഇൻഡിഗോ മാത്രം 80 സർവീസുകളാണ് റദ്ദാക്കിയത്. ട്രെയിൻ-റോഡ് ഗതാഗതത്തെയും മൂടൽമഞ്ഞ് ബാധിച്ചിട്ടുണ്ട്.
heavy fog; In Delhi, 118 flights were canceled and around 200 flights were delayed












