
തിരുവനന്തപുരം: തലസ്ഥാനത്തടക്കം വിവിധ ജില്ലകളില്‍ മഴ ശക്തമായി തുടരുന്നു. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെലോ അലര്‍ട്ടാണ്. തിരുവനന്തപുരത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല.
മഴ അവധി പ്രഖ്യാപനം വൈകിയെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ കളക്ടര്‍ക്കെതിരെ രംഗത്തെത്തി. ‘കുറച്ചു കൂടി കഴിഞ്ഞിട്ട് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നല്ലോ. ഇന്നലെ മുതല്‍ തുടങ്ങിയ മഴ ആണ്. രാത്രി മുഴുവന്‍ മഴ ആയിരുന്നു. കുട്ടികള്‍ എല്ലാം റെഡി ആയിട്ടു എന്തിനാ ഇപ്പൊ ഒരു അവധി. മാഡം ഇപ്പോഴാണോ ഉണര്‍ന്നത്’. ഒരു രക്ഷിതാവ് തിരുവനന്തപുരം കലക്ടറുടെ ഫെയ്‌സ്ബുക് പേജില്‍ രോഷം പ്രകടിപ്പിച്ചത് ഇങ്ങനെ.
അതേസമയം, കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഒന്ന് മുതല്‍ അഞ്ചു വരെയുള്ള ഷട്ടറുകള്‍ ഇന്ന് 8 മണിക്ക് 15 സെന്റിമീറ്റര്‍ വീതം (ആകെ 100 സെന്റിമീറ്റര്‍) ഉയര്‍ത്തും. ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.