ലോസ് ആഞ്ചലസ്: കാലിഫോർണിയയിലെ വിവിധ മേഖലകളിൽ പെയ്ത കനത്ത മഴയെ തുടർന്ന് വ്യാപക വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായെന്നും മഴയെ തുടർന്ന് ക്രിസ്മസ് രാത്രിവരെ മൂന്ന് പേർ മരിച്ചതായും പ്രാദേശിക അധികൃതർ അറിയിച്ചു. ശക്തമായ കാറ്റ് വെള്ളിയാഴ്ചവരെ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ലോസ് ആഞ്ചലസ് കൗണ്ടിയിലെ ചില ഭാഗങ്ങളിൽ 11 ഇഞ്ച് (27 സെ.മീ) വരെ മഴ ലഭിക്കാൻ കാരണമായി. ഇതോടെ നിരവധി പ്രദേശങ്ങളിൽ ആളുകളെ ഒഴിപ്പിക്കുകയും പ്രധാന റോഡുകൾ അടച്ചുപൂട്ടുകയും ചെയ്തു. വെള്ളപ്പൊക്കത്തിൽ വാഹനങ്ങളിൽ കുടുങ്ങിയവരെ ഉൾപ്പെടെ പലരെയും അടിയന്തര സേവനസംഘങ്ങൾ രക്ഷിച്ചു.
സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ഗവർണർ ഗാവിൻ ന്യൂസം ബുധനാഴ്ച ലോസ് ആഞ്ചലസിലും ദക്ഷിണ കാലിഫോർണിയയിലെ മറ്റ് കൗണ്ടികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകുന്നേരം വരെ സംസ്ഥാനത്ത് ഏകദേശം ഒരു ലക്ഷം വീടുകൾക്ക് വൈദ്യുതി വിതരണവും തടസപ്പെടു. യുഎസ് വെതർ പ്രെഡിക്ഷൻ സെന്റർ പല സ്ഥലങ്ങളിലും പെട്ടെന്നുള്ള വെള്ളപ്പൊക്ക സാധ്യത മുന്നറിയിപ്പ് നൽകി. ചെറുനദികളിലെ ജലനിരപ്പ് വർദ്ധിക്കുന്നതും ഒഴുക്ക് ശക്തമാകുന്നതും വലിയ നദികളെ വരെ ബാധിക്കാമെന്നും അധികൃതർ അറിയിച്ചു.
സാൻ ഡിയാഗോയിൽ 64 വയസുള്ള ഒരാൾ ശക്തമായ കാറ്റിൽ വീണ മരത്തിന്റെ അടിയിൽപെട്ട് മരിച്ചതായി പൊലീസ് അറിയിച്ചു. റെഡ്ഡിംഗ് നഗരത്തിൽ വെള്ളപ്പൊക്കത്തിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ 74 വയസുള്ള ഒരാൾ രക്ഷാപ്രവർത്തനത്തിനിടെ മരിച്ചു. മെൻഡോസിനോ കൗണ്ടിയിലെ മാക്‌കെറിച്ചർ സ്റ്റേറ്റ് പാർക്കിൽ വലിയ തിരമാലയിൽ പാറയിൽ നിന്ന് വീണ് കടലിലേക്ക് ഒഴുകിപ്പോയി 70 വയസിനു മുകളിലുള്ള ഒരു സ്ത്രീയും മരണപ്പെട്ടു.
ദക്ഷിണ കാലിഫോർണിയയിലെ സാൻ ബെർനാർഡിനോ കൗണ്ടിയിൽ ചില പ്രദേശങ്ങളിൽ ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ പെട്ടെന്നുള്ള വെള്ളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചു. സാൻ ഹോസെയ്ക്ക് സമീപമുള്ള ഒരു നിരീക്ഷണ കേന്ദ്രത്തിൽ മണിക്കൂറിൽ 100 മൈൽ (161 കി.മീ) വേഗതയിൽ കാറ്റ് വീശിയതായും റിപ്പോർട്ട് ചെയ്തു.ലോസ് ആഞ്ചലസിന് സമീപമുള്ള ആൾട്ടഡീനയിൽ, മുൻപ് കാട്ടുതീ ബാധിച്ച പ്രദേശങ്ങളിൽ മഴവെള്ളം ആഴ്ന്നിറങ്ങാനാകാതെ മണ്ണിടിച്ചിൽ ഉണ്ടായതായും അധികൃതർ പറഞ്ഞു.
മഴക്കാറ്റിനെ തുടർന്ന് ലോസ് ആഞ്ചലസ് മേയർ കാരൻ ബാസ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അവധിക്കാല യാത്രകളിൽ ജാഗ്രത പാലിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഉഷ്ണമേഖലയിൽ നിന്ന് വലിയ തോതിൽ ഈർപ്പം കൊണ്ടുവന്ന ‘അറ്റ്മോസ്ഫെറിക് റിവറുകൾ’ വഴിയാണ് ഈ ശക്തമായ മഴക്കാറ്റുകൾ കാലിഫോർണിയയെ ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ.
Heavy rain in California; Three dead by Christmas night










