
ഷിക്കാഗോ: ഷിക്കാഗോയില്‍ കനത്ത മഴ പെയ്തതിനെത്തുടര്‍ന്ന് മിന്നല്‍ പ്രളയ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ കനത്ത മഴ നിരവധി കൗണ്ടികളെ ബാധിച്ചു. പല സ്ഥലങ്ങളിലും 3 മുതല്‍ 5 ഇഞ്ച് വരെ മഴ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന്, ഡുപേജ്, കുക്ക് കൗണ്ടികള്‍ക്ക് ദേശീയ കാലാവസ്ഥാ വകുപ്പ് വൈകുന്നേരം 5:30 ന് വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി.
വെള്ളിയാഴ്ച രാത്രി മുതല്‍ ശനിയാഴ്ച രാവിലെ വരെ കൂടുതല്‍ മഴ പ്രതീക്ഷിക്കാമെന്നും ശനിയാഴ്ച ഉച്ചകഴിഞ്ഞ് കൂടുതല്‍ കൊടുങ്കാറ്റുകള്‍ ഉണ്ടാകാമെന്നും ഷിക്കാഗോയിലെ കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 2 ഇഞ്ച് കവിയുന്ന മഴയായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
47-ാം സ്ട്രീറ്റിലും ആര്‍ച്ചര്‍ അവന്യൂവിലും ഡ്രേക്ക് അവന്യൂവിന് സമീപവും കനത്ത മഴ പെയ്തു. ഫസ്റ്റ് അവന്യൂവിനടുത്തുള്ള ഇന്‍ബൗണ്ട് ഇന്റര്‍സ്റ്റേറ്റ് 55 ലും ഉയര്‍ന്ന ജലനിരപ്പ് അനുഭവപ്പെട്ടു. അരുവികള്‍, ഡ്രെയിനേജ് ചാലുകള്‍, മറ്റ് ജലപാതകള്‍ എന്നിവയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ മുന്‍കരുതല്‍ പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. വ്യോമഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. മിഡ്വേ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ 45 മിനിറ്റ് വരെ വൈകിയതായി റിപ്പോര്‍ട്ട് ചെയ്തു.
വെള്ളം കയറിയ കെട്ടിടങ്ങളില്‍ നിന്നും തെരുവുകളില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് കളയാന്‍ ജീവനക്കാര്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തിച്ചു. പൈന്‍വുഡ് പാര്‍ക്കിന് സമീപം നിരവധി കാറുകള്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.