
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങ് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലുകളിൽ 18 പേർ മരിക്കുകയും നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെടുകയും ചെയ്തു. മഴക്കെടുതിയിൽ തകർന്ന വീടുകളിൽ തിരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ഡാർജിലിങ്ങിൽ കനത്ത മഴയിൽ ജീവൻ നഷ്ടപ്പെട്ടവരെ ഓർത്ത് തനിക്ക് അതിയായ വേദനയുണ്ടെന്നും ദുരന്ത ബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ അറിയിച്ചു.
ദുർഗ്ഗാ പൂജയ്ക്ക് ശേഷം വിനോദസഞ്ചാരികൾ ഡാർജിലിങ്ങിലേക്ക് യാത്ര ചെയ്തിരുന്നു. അതിനാൽ നിരവധി വിനോദസഞ്ചാരികൾ ദുരന്തത്തിൽ അകപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാനാണ് ഗൂർഖാലാൻഡ് ടെറിട്ടോറിയൽ അഡ്‌മിനിസ്ട്രേഷൻ്റെ തീരുമാനം.