
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ടുള്ളത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യതയുള്ളതിനാൽ വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കൻ കാറ്റ് വീണ്ടും സജീവമായതോടെ ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
കേരള – ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും 26 ന് തിരുവനന്തപുരത്തും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ 25/11/2025 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 25/11/2025 വരെ: കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
Heavy rains likely in the state today; Yellow alert in 7 districts.











