
കാലിഫോര്‍ണിയ: പ്രദേശവാസികളെയാകെ ആശങ്കയിലാക്കി കാലിഫോര്‍ണിയിലെ ഒരു റിഫൈനറിയിൽ വൻ തീപിടിത്തം. കാലിഫോര്‍ണിയ മാര്‍ട്ടിനെസിലെ റിഫൈനറിയിലാണ് തീപിടിത്തമുണ്ടായത്. കിലോമീറ്ററുകളോളം കറുത്ത പുക വ്യാപിച്ചതോടെ പ്രദേശവാസികളാകെ ആശങ്കയിലായി. വായുവിന്‍റെ ഗുണനിലവാരവും സംശയത്തിലായതോടെ അധികൃതര്‍ ഷെല്‍ട്ടര്‍-ഇന്‍-പ്ലേസ് ഓര്‍ഡര്‍ നല്‍കി.
ഹൈഡ്രോകാർബൺ ചോർച്ചയാണ് സ്ഫോടനത്തിനും വൻ തീപിടുത്തത്തിനും കാരണമായതെന്നാണ് റിപ്പോര്‍ട്ടുകൾ. വലിയ അളവില്‍ ഇന്ധനം ശേഷിക്കുന്നതിനാല്‍ തീ അതിവേഗം ആളിപ്പടര്‍ന്നു. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ഉണ്ട്.
യൂണിറ്റ് തകരാർ മൂലമുണ്ടായ സ്ഫോടനം കാരണം കുറഞ്ഞത് 500 പൗണ്ട് സൾഫർ ഡയോക്സൈഡ് പുറത്ത് പോയെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ള ആളുകളെ ഈ വിഷപ്പുക ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വീടിനുള്ളിൽ തന്നെ തുടരാനും ജനലുകളും വാതിലുകളും അടച്ചിരിക്കണമെന്നും താമസക്കാർക്ക് അധികൃതര്‍ മുന്നറിയിപ്പ് നൽകിയിരുന്നു.